ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ രോഗത്തിലും വിയോഗത്തിലും മനംനൊന്ത് മരിച്ചവരുടെ എണ്ണം 77 ആയി. ഇവരുടെ കുടുംബങ്ങള്‍ക്ക്‌ പാര്‍ട്ടി മൂന്ന് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു. പാര്‍ട്ടി തന്നെയാണ് മരണവിവരവും പുറത്തുവിട്ടത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പാര്‍ട്ടി അനുശോചനം രേഖപ്പെടുത്തി. ജയയുടെ വിയോഗത്തില്‍ നേരത്തെ 26 പേരാണ് മരിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

അതേസമയം ജീവനൊടുക്കാന്‍ ശ്രമിച്ചവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം നല്‍കുമെന്നും പാര്‍ട്ടിഅറിയിച്ചു. ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില്‍ കഴിയുകയായിരുന്ന ജയലളിത ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ജയലളിതക്ക് ഹൃദയാഘാതം സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ നിരവധി ആളുകളാണ് ആസ്പത്രിക്ക് മുന്നില്‍ തടിച്ചുകൂടിയിരുന്നു.

പ്രാര്‍ത്ഥനയും മറ്റുമായി ലക്ഷക്കണക്കിനാളുകള്‍ തമിഴ്‌നാട്ടിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞിരുന്നു. എന്നാല്‍ പൊതുവെ അമിത വികാരപ്രകടനം കാഴ്ചവെക്കുന്ന തമിഴ്ജനത ജയലളിതയുടെ മരണത്തോട് പക്വമായായിരുന്നു പ്രതികരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.