ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടിംങ് മെഷീനുകളില്‍ വ്യാപകമായി ക്രമക്കേട് ആരോപിച്ചവര്‍ക്ക് ആരോപണം തെളിയിക്കാന്‍ അവസരം നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത്. ജൂണ്‍ മൂന്നിനാണ് ‘ഇവി.എം ചലഞ്ച്’ ആരംഭിക്കുന്നത്. ഓരോ രാഷ്ട്രീയ പാര്‍ട്ടികളിലുള്ളവര്‍ക്കും മെഷീനിലെ ക്രമക്കേട് തെളിയിക്കാന്‍ അവസരം നല്‍കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ നസീം സെയ്ദി പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി ഏറ്റെടുത്ത് എത്തുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ മെയ് 26ന് മുമ്പായി പേര് നല്‍കണം. വിവിധ സംസ്ഥാനങ്ങളിലായി ഈ വര്‍ഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ച നാലു മെഷീനുകളിലാണ് തിരിമറി തെളിയിക്കാന്‍ അവസരം നല്‍കുക. മെഷീനുകളുമായി ഇ.വി.എം ബന്ധപ്പെടുത്തിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. അതുകൊണ്ടുതന്നെ ക്രമക്കേട് ഉണ്ടെന്നുള്ള ആരോപണം മാത്രമാണെന്നും അത് തെളിയിക്കാന്‍ കഴിയില്ലെന്നും നസീം സെയ്ദി പറഞ്ഞു.

കഴിഞ്ഞ ദിവസം വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നായി 42 പ്രതിനിധികളുമായി കമ്മീഷന്‍ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ആരോപണം തെളിയിക്കാന്‍ കമ്മീഷന്‍ സമയം നല്‍കിയിരിക്കുന്നത്. വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വി.വി.പാറ്റ് സംവിധാനങ്ങള്‍ ഉപയോഗിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. കൂടാതെ വോട്ടര്‍മാര്‍ക്ക് വോട്ട് സ്ലിപ്പും നല്‍കും. 16 ലക്ഷത്തോളം വിവിപാറ്റ് മെഷീനുകള്‍ക്കായി 3,174 കോടിരൂപ അനുവദിച്ചതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി.