Connect with us

Video Stories

ഉന്നതരുടെ ബന്ധം വ്യക്തമാക്കുന്ന കത്ത്

Published

on

ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ നിജസ്ഥിതി പുറത്തുവന്ന് സര്‍ക്കാര്‍ പ്രതിസന്ധിയിലകപ്പെട്ടപ്പോള്‍ ഒരു കടല്‍ച്ചിറ പോലെ താനും തന്റെ കീഴുദ്യോഗസ്ഥരും അവര്‍ക്കൊപ്പം നിന്നെന്നും ഇപ്പോള്‍ തങ്ങള്‍ക്കൊരു പ്രശ്‌നം വന്നപ്പോള്‍ അവരില്ല എന്നത് ഞെട്ടലുളവാക്കുന്നു എന്നും പറഞ്ഞു കൊണ്ടാണ് വന്‍സാര കത്തിലൂടെ സര്‍ക്കാറിനെതിരെയുള്ള ആക്ഷേപം തുടങ്ങുന്നത്.’ഈ സര്‍ക്കാറിന് ഞങ്ങളെ സംരക്ഷിക്കാന്‍ ഒരു താല്‍പര്യവും ഇല്ലെന്ന് എനിക്ക് ബോധ്യമായി. മാത്രമല്ല, ഞങ്ങളെ ജയിലറക്കുള്ളില്‍തന്നെ ഒതുക്കി അന്വേഷണ ഉദ്യോഗസ്ഥരില്‍നിന്ന് തങ്ങളുടെ മുഖം രക്ഷിക്കുകയും രാഷ്ട്രീയ ലാഭം കൊയ്യുകയുമാണ് അവര്‍ ചെയ്യുന്നതെന്നും വ്യക്തമായി. എന്നാല്‍ ഏറ്റുമുട്ടല്‍ കൊലകള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഈ സര്‍ക്കാര്‍ കൊയ്ത രാഷ്ട്രീയ നേട്ടങ്ങള്‍ ചെറുതല്ല എന്ന കാര്യം എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ട്.
കേസില്‍ സര്‍ക്കാറിന് ജാഗ്രതയും ആത്മാര്‍ത്ഥതയും ഉണ്ടായത് സൊഹ്‌റാബുദ്ദീന്‍ കേസുമായി ബന്ധപ്പെട്ട് അക്കാലത്ത് ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെ സി.ബി. ഐ അറസ്റ്റ് ചെയ്ത ശേഷം മാത്രമാണ്. ഹൈകോടതി മുതല്‍ സുപ്രീം കോടതി വരെ അദ്ദേഹത്തിനു വേണ്ടി ഹാജരായത് രാജ്യത്തെ മുതിര്‍ന്ന അഭിഭാഷകനായ രാം ജത്മലാനിയാണ്. സി. ബി.ഐ കോടതി മുതല്‍ സുപ്രീം കോടതി വരെ അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു. അതേസമയം, എനിക്കും എന്നോടൊപ്പം അറസ്റ്റിലായ ദിനേശ് എം.എന്നിനും രാജ്കുമാര്‍ പാണ്ഡ്യനും നിയമ സഹായം നല്‍കാന്‍ സര്‍ക്കാര്‍ താല്‍പര്യം കാണിച്ചില്ല. ഗുജറാത്ത് സി. ബി.ഐയില്‍നിന്ന് കേന്ദ്ര സി.ബി.ഐയിലേക്ക് കേസന്വേഷണം മാറ്റാതിരിക്കാനും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെ അറസ്റ്റ് തടയാനും സര്‍ക്കാര്‍ തകൃതിയായി ശ്രമം നടത്തി; എന്നാല്‍, ഞങ്ങള്‍ക്ക് ജാമ്യം നിഷേധിക്കുകയും ചെയ്തു.

രാജ്കുമാര്‍ പാണ്ഡ്യനും ദിനേശിനും സ്വന്തം നിലയില്‍ ജാമ്യം ലഭിച്ചപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ട് അത് തടയുകയായിരുന്നു. സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചുവെന്നതാണ് അവര്‍ ചെയ്ത ഏക കുറ്റം. അമിത് ഷാ തന്റെ വ്യക്തി താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇരു കേസുകള്‍ക്കും ഒറ്റ വിചാരണ ആവശ്യപ്പെട്ടത്. അതോടെ, മുംബൈയില്‍ ഉയര്‍ന്ന ചെലവില്‍ കേസ് നടത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി. അതിന്റെ ഫലമാണ് ഞങ്ങള്‍ തലോജ ജയിലില്‍ അനുഭവിച്ചത്. ഒരൊറ്റ വിചാരണയിലൂടെ അമിത് ഷാ അദ്ദേഹത്തിന്റെ അറസ്റ്റ് ഒഴിവാക്കുകയും ഞങ്ങള്‍ക്കുള്ള ജാമ്യനിഷേധം ഉറപ്പുവരുത്തുകയുമായിരുന്നു ചെയ്തത്.’

 
ഇതെല്ലാം മാറി വരുന്ന ഒരു ദിവസം വരുമെന്ന പ്രതീക്ഷയിലാണ് ഞാന്‍ കഴിഞ്ഞ ആറ് വര്‍ഷമായി ജയിലില്‍ കഴിഞ്ഞത്. എന്നാല്‍, ആ വിശ്വാസമെല്ലാം ഈ സര്‍ക്കാര്‍ തകര്‍ത്തുകളഞ്ഞു. ‘ഗവണ്‍മെന്റിന് മനഃസാക്ഷിയില്ല; ആത്മാവില്ലാത്ത അച്ചുകൂടമാണ് സ്റ്റേറ്റ്’ എന്ന മഹാത്മാ ഗാന്ധിയുടെ പ്രസ്താവന സത്യമാണെന്ന് എനിക്ക് ബോധ്യമായിരിക്കുന്നു. ഏറെ ധാര്‍ഷ്ട്യത്തോടെയാണ് ആറ് വര്‍ഷമായി ഈ സര്‍ക്കാര്‍ ഞങ്ങളോട് പെരുമാറുന്നത്. ഞങ്ങള്‍ക്ക് നീതി ലഭിക്കാനായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല എന്നറിയുമ്പോള്‍ തികഞ്ഞ നിരാശയാണ് തോന്നുന്നത്. അതിനാല്‍, ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ യഥാര്‍ത്ഥ കുറ്റക്കാരെ തുറന്നുകാണിക്കാന്‍ എനിക്ക് ധാര്‍മികമായി അവകാശമുണ്ടെന്നും

സര്‍ക്കാറിന്റെ നയങ്ങള്‍ നടപ്പാക്കുന്ന ഉപകരണങ്ങള്‍ മാത്രമാണ് പൊലീസുകാരെന്നും സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറിക്കയച്ച പത്ത് പേജ് വരുന്ന രാജിക്കത്തില്‍ വന്‍സാര ആരോപിക്കുന്നു. കത്തില്‍ ആഭ്യന്തര സഹ മന്ത്രിയെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. നരേന്ദ്രമോദി തനിക്ക് ദൈവം പോലെയാണെന്നും എന്നാല്‍ ആ ദൈവം അവസരത്തിനൊത്തുയര്‍ന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. സംസ്ഥാന സര്‍ക്കാറാണ് തങ്ങളെ ഇത്തരം വ്യാജ ഏറ്റുമുട്ടലിന് നിയോഗിച്ചതെന്ന് വ്യക്തമായി കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
‘2002-07 കാലയളവില്‍ എ.ടി.എസിലും ഗുജറാത്ത് ക്രൈംബ്രാഞ്ചിലുമെല്ലാം ജോലി ചെയ്ത ഞങ്ങളെപ്പോലുള്ള ഉദ്യോഗസ്ഥര്‍, അന്നത്തെ സര്‍ക്കാറിന്റെ ഉത്തരവനുസരിച്ച് അവരുടെ പോളിസിക്കനുസൃതമായി പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.’ ‘….സര്‍ക്കാറിന്റെ ഉന്നത തലങ്ങളില്‍ നിന്നു വന്ന ഒരു തീരുമാനം തന്നെയായിരുന്നു അത്.

ഗുജറാത്ത് പൊലീസ് പൊതുവായും എ.ടി.എസും ക്രൈംബ്രാഞ്ചും സവിശേഷമായും ഈ ഉദ്യമത്തില്‍ പങ്കാളിയായി. അതിന്റെ ഫലമായി നിരവധി തീവ്രവാദി സംഘടനകളെ കണ്ടെത്തുന്നതിനും അവരുടെ പ്രവര്‍ത്തനം ഇല്ലാതാക്കുന്നതിനും സാധിച്ചു. ഇതിനായി പല ഏറ്റുമുട്ടലുകളും നടന്നു. എന്നെയും സഹപ്രവര്‍ത്തകരെയും സി.ബി. ഐ അറസ്റ്റ് ചെയ്തത് നാല് ഏറ്റുമുട്ടല്‍ കേസുകളുമായി ബന്ധപ്പെട്ടാണ്. അവ അത്രയും വ്യാജമാണെന്നായിരുന്നു അവരുടെ ആരോപണം. അത് ശരിയെന്നിരിക്കട്ടെ. എങ്കില്‍, അതിന് നിര്‍ദേശം നല്‍കിയവരെയും നയം രൂപവത്കരിച്ചവരെയും സി.ബി.ഐ അറസ്റ്റ് ചെയ്യണം. ഫീല്‍ഡ് ഓഫീസര്‍മാര്‍ എന്ന നിലയില്‍ ഞങ്ങള്‍ മുകളില്‍ നിന്നുള്ള ഉത്തരവ് നടപ്പാക്കുക മാത്രമാണ് ചെയ്തത്.

അങ്ങനെയൊരു അറസ്റ്റ് നടപ്പാക്കുകയാണെങ്കില്‍, ഈ സര്‍ക്കാര്‍ പിന്നെ സബര്‍മതി സെന്‍ട്രല്‍ ജയിലിലും തലോജ സെന്‍ട്രല്‍ ജയിലിലുമായിരിക്കുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. പരസ്പര സംരക്ഷണവും സഹകരണവും സര്‍ക്കാറും പൊലീസും തമ്മിലുള്ള അലിഖിത നിയമമാണ്. ഇവിടെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി സര്‍ക്കാര്‍ പൊലീസിനെ മരണത്തിന്റെ വായിലേക്ക് എറിഞ്ഞുകൊടുക്കുകയാണ് ചെയ്തത്. അമിത് ഷായുടെ നാണംകെട്ട കളികളാണ് ഇതിനെല്ലാം പിന്നില്‍. ഒരുകാലത്ത് രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനയായിരുന്നു ഗുജറാത്തിലേത്. സര്‍ക്കാര്‍തന്നെയാണ് ഈ വകുപ്പിനെ തകര്‍ത്ത് തരിപ്പണമാക്കിയത്.

 
ഇത്രയും കാലം മൗനം ദീക്ഷിച്ചത്, ഞാന്‍ ദൈവത്തെപ്പോലെ കാണുന്ന മുഖ്യമന്ത്രി നരേന്ദ്ര മോദി എന്നെ രക്ഷിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍, അമിത് ഷായുടെ ദൂഷ്യവലയില്‍പെട്ട എന്റെ ദൈവം രക്ഷക്കത്തെിയില്ലെന്ന് ദുഃഖത്തോടെ പറയട്ടെ. മുഖ്യമന്ത്രിയുടെ കണ്ണും കാതും അദ്ദേഹം മൂടിവെച്ചിരിക്കുകയാണ്. കഴിഞ്ഞ 12 വര്‍ഷമായി ആടിനെ പട്ടിയാക്കിയും പട്ടിയെ ആടാക്കിയും അമിത് ഷാ അദ്ദേഹത്തെ വഴി തിരിച്ചു കൊണ്ടിരിക്കുന്നു.ഈയൊരവസ്ഥയില്‍, നട്ടെല്ലില്ലാത്ത സര്‍ക്കാറിന് കീഴിലെ സര്‍വീസില്‍ തുടരാന്‍ എനിക്കാവില്ല. അതിനാല്‍, സര്‍വീസ് കാലത്തിന് ശേഷം ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഒഴിവാക്കി ഞാന്‍ രാജിവെക്കുകയാണ്.

സര്‍ക്കാര്‍ ഉത്തരവിന് കാത്തിരിക്കാതെ തന്നെ ഞാന്‍ പദവി ഒഴിഞ്ഞതായി അറിയിക്കുന്നു. ഇന്നേ ദിവസത്തോടെ, ഗുജറാത്തിലെയും മുംബൈയിലേയും ജയിലുകളില്‍ ഞാന്‍ ആറു വര്‍ഷം പിന്നിട്ട കാര്യവും ഇതോടൊപ്പം അറിയിക്കുന്നു. അതുകൊണ്ട്, 33 വര്‍ഷത്തെ സേവനത്തിന് ശേഷം ഗുജറാത്ത് പൊലീസിനോട് ഞാന്‍ വിട പറയുകയാണ്.’ഇതാണ് പത്ത് പേജുള്ള വന്‍സാരയുടെ കത്തിന്റെ ചുരുക്കം. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ ചുരുളഴിക്കുന്ന ഈ കത്തിന് ശേഷവും ജുഡീഷ്യറിയും ഭരണസംവിധാനങ്ങളുമൊന്നും ഉറക്കറ വിട്ടിട്ടില്ല; നാലാം തൂണ് പിന്നെ, ധ്രുവക്കരടികളെപ്പോലെ സീസണനുസരിച്ചാണല്ലോ പണ്ടേ കണ്ണ് തുറക്കുക.
(തുടരും)

Video Stories

ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി

ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

Published

on

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.

Continue Reading

kerala

ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍

അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

Published

on

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.

അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.

നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.

 

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

Trending