ലണ്ടന്‍: വാക്കും വക്കാണവുമായി ആകെ കലപില. താരങ്ങളും പരിശീലകരും കൊമ്പ് കോര്‍ത്തപ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ യുനൈറ്റഡും തമ്മിലുള്ള അങ്കം സമനിലയില്‍. വാശിയേറിയ പോരില്‍ ഓരോ ഗോള്‍ വീതമടിച്ചാണ് ഹോസെ മൗറീഞ്ഞോയുടെയും യുര്‍ഗന്‍ ക്ലോപ്പിന്റെയും ടീമുകള്‍ പിരിഞ്ഞത്. 27-ാം മിനുട്ടില്‍ ജെയിംസ് മില്‍നര്‍ പെനാല്‍ട്ടിയിലൂടെ ലിവര്‍പൂളിനെ മുന്നിലെത്തിച്ചപ്പോള്‍ 84-ാം മിനുട്ടില്‍ ഹെഡ്ഡറിലൂടെ സുല്‍ത്താന്‍ ഇബ്രാഹിമോവിച്ചാണ് സമനില ഗോള്‍ നേടിയത്.

എല്ലാ മത്സരങ്ങളിലുമായി തുടര്‍ച്ചയായി ഒമ്പത് മത്സരങ്ങള്‍ ജയിച്ചെത്തിയ മാഞ്ചസ്റ്റര്‍ സ്വന്തം ഗ്രൗണ്ടായ ഓള്‍ഡ് ട്രഫോഡിലും വിജയം ലക്ഷ്യമിട്ടാണ് കളിച്ചതെങ്കിലും ലിവര്‍പൂള്‍ ഗോള്‍കീപ്പര്‍ സൈമണ്‍ മിനോലെയുടെ തകര്‍പ്പന്‍ പ്രകടനം ഗോള്‍ നിഷേധിച്ചു. 27-ാം മിനുട്ടില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് ജെയിംസ് മില്‍നര്‍ ഉയര്‍ത്തിവിട്ട പന്ത് ബോക്‌സില്‍ ലോവ്‌റന് ലഭിക്കാതിരിക്കാന്‍ പോള്‍ പോഗ്ബ കൈകൊണ്ട് തൊട്ടപ്പോള്‍ റഫറി സ്‌പോട്ടിലേക്ക് വിരല്‍ചൂണ്ടി. ഈ സീസണില്‍ എടുത്ത എല്ലാ പെനാല്‍ട്ടി കിക്കും ലക്ഷ്യത്തിലെത്തിച്ച ജെയിംസ് മില്‍നറിന് ഇത്തവണയും പിഴച്ചില്ല. ഡൈവ് ചെയ്ത ഡേവിഡ് ഡിഗയക്ക് അവസരം നല്‍കാതെ മില്‍നര്‍ പന്ത് വലയുടെ ഇടതുഭാഗത്തെത്തിച്ചു.

 

83-ാം മിനുട്ടില്‍ ലിവര്‍പൂള്‍ ബോക്‌സില്‍ മാഞ്ചസ്റ്റര്‍ സൃഷ്ടിച്ച അനിശ്ചിതത്വത്തിനൊടുവിലാണ് സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് ലക്ഷ്യം കണ്ടത്. ഇടതുബോക്‌സില്‍ നിന്ന് വെയ്ന്‍ റൂണി ഉയര്‍ത്തിനല്‍കിയ പന്തില്‍ നിന്നുള്ള ഫെല്ലയ്‌നിയുടെ ഹെഡ്ഡര്‍ പോസ്റ്റില്‍ തട്ടി കളത്തിലെത്തി. മാര്‍ക്ക് ചെയ്യപ്പെടാത്ത പന്ത് ആന്റോണിയോ വലന്‍സിയ ക്രോസ് ചെയ്തപ്പോള്‍ ഭാവനാ സമ്പന്നമായ ഹെഡ്ഡറിലൂടെ ഇബ്രാഹിമോവിച്ച് വലകുലുക്കുകയായിരുന്നു. ഗോള്‍കീപ്പര്‍ക്കു മുകളിലൂടെ ഇബ്രാഹിമോവിച്ച് ഉയര്‍ത്തിവിട്ട പന്ത് പോസ്റ്റിലേക്ക് തൂങ്ങിയിറങ്ങുന്നത് തടയാന്‍ ലിവര്‍പൂള്‍ പ്രതിരോധം അവസാനവട്ട ശ്രമം നടത്തിയെങ്കിലും വിഫലമായി.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലെ സമനിലയോടെ ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മല്‍സരത്തിലെ പരിശീലകരുടെ കലപില വാര്‍ത്തയായി മാറി. പക്ഷേ പ്രശ്‌നമില്ലെന്നാണ് മോറിഞ്ഞോ പറഞ്ഞത്. 21 റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 52 പോയിന്റോടെ ചെല്‍സിയാണ് ലീഗില്‍ ലീഡ് ചെയ്യുന്നത്. 45 പോയിന്റുമായി ടോട്ടനം ഹോട്‌സ്പര്‍ ആണ് രണ്ടാം സ്ഥാനത്ത്. അത്രയും പോയിന്റുള്ള ലിവര്‍പൂള്‍ ഗോള്‍ വ്യത്യാസത്തില്‍ മൂന്നാം സ്ഥാനത്താണ്. 44 പോയിന്റോടെ ആര്‍സനല്‍ നാലും 42 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി അഞ്ചും സ്ഥാനങ്ങളിലാണ്. ആറാം സ്ഥാനത്തുള്ള യുനൈറ്റഡിന് 40 പോയിന്റുണ്ട്.