ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയുടെ എം.ജി റോഡ് സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ പട്ടാപ്പകല്‍ യുവതിയെ കുത്തിക്കൊല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. സ്റ്റേഷനിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തില്‍ ജിതേന്ദര്‍ സിങ്(25) എന്നയാളെ ഡല്‍ഹി പൊലീസ് അറസ്റ്റുചെയ്തിരുന്നു.

ഏതാനും ദിവസം മുമ്പാണ് 22കാരിയായ മേഘലായ സ്വദേശിനി പിങ്കി എം.ജി റോഡ് സ്‌റ്റേഷനില്‍ കൊല്ലപ്പെട്ടത്. കാലത്ത് 9.30നായിരുന്നു സംഭവം. ഇതിനു തൊട്ടു മുമ്പ് പിങ്കി ഭര്‍ത്താവിനെ മൊബൈല്‍ ഫോണില്‍ വിളിച്ച് തന്നെ ഒരാള്‍ പിന്തുടരുന്നതായി പറഞ്ഞിരുന്നു. നിമിഷങ്ങള്‍ക്കകം പ്രവേശന കവാടത്തോടു ചേര്‍ന്ന് പിങ്കിയെ യുവാവ് ആക്രമിച്ചു. വയറിലും കഴുത്തിലും കൈകളിലുമായി 30 തവണയാണ് കുത്തേറ്റത്. സ്‌റ്റേഷനില്‍ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരും യാത്രക്കാരും ചേര്‍ന്ന് ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും 11.30ഓടെ മരിച്ചു.ഫോണ്‍വിളിക്കിടെ ബഹളം കേട്ടതായും പിന്നീട് കാള്‍ മുറിഞ്ഞതായും പിങ്കിയുടെ ഭര്‍ത്താവ് മാന്‍സിങ് പറഞ്ഞു. തുടര്‍ന്ന് പലതവണ വിളിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ല. അര മണിക്കൂര്‍ ശേഷമാണ് ആരോ ഫോണ്‍ അറ്റന്റുചെയ്ത് നടന്ന കാര്യങ്ങള്‍ തന്നോട് പറഞ്ഞതെന്നും മാന്‍സിങ് കൂട്ടിച്ചേര്‍ത്തു.

https://www.youtube.com/watch?v=K1W7-UR4890