ന്യൂഡല്‍ഹി: നിരക്ക് വര്‍ദ്ധനയെ തുടര്‍ന്ന് ഡല്‍ഹി മെട്രോയില്‍ യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു. ദിനംപ്രതി ശരാശരി 1.5 ലക്ഷത്തോളം യാത്രകരുടെ കുറവാണ് ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയതോടെ ഡല്‍ഹി മെട്രോയില്‍ ഉണ്ടായിരിക്കുന്നത്.
മെട്രോയില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലെ യാത്രക്കാരുടെ എണ്ണം ഈ ജൂണ്‍ മാസവുമായി താരതമ്യം ചെയ്തപ്പോഴാണ് യാത്രികരുടെ വന്‍ കുറവ് കണ്ടെത്തിയത്.

2016ല്‍ ജൂണ്‍ മാസത്തോടെ ഡല്‍ഹി മെട്രോയില്‍ 50 ലക്ഷം പേരാണ് യാത്രക്കാരത്. എന്നാല്‍ 2017 ജൂണ്‍ മാസത്തോടെ യാത്രക്കാരുടെ എണ്ണം 44.80 ലക്ഷത്തോളമായി കുറഞ്ഞു. ഈ ജൂണില്‍ പ്രതിദിനം ശരാശരി 1.08 ലക്ഷം യാത്രക്കാരാണ് ഡല്‍ഹി മെട്രോ വഴി യാത്രചെയ്തത്.

യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടാക്കിയ ടിക്കറ്റ് നിരക്കിലെ വര്‍ദ്ധനയും അത്ഭുതപ്പെടുത്തുന്നതാണ്. മേയ് 10 മുതല്‍ മിനിമം യാത്രാ കൂലിയായ 8 രൂപ, 10 രൂപയാക്കിയാണ് ഉയര്‍ത്തിയത്. ദീര്‍ഘദൂര യാത്രയുടെ ടിക്കറ്റ് വില 30 രൂപയില്‍ നിന്നും 50 രൂപയാക്കിയും ഉയര്‍ത്തി. ഡല്‍ഹി മെട്രോയുടെ പരമാവധി യാത്ര 15 കിലോമീറ്ററാണ്.

എന്നാല്‍ വിഷയത്തില്‍ ഡല്‍ഹി മെട്രോ അധികൃതര്‍ പറയുന്നത് മറ്റൊന്നാണ്. കഴിഞ്ഞ മൂന്നുമാസത്തില്‍ ‘യാത്രക്കാരുടെ എണ്ണത്തില്‍ 1% മുതല്‍ 5% വ്യത്യാസം ഉണ്ടായിട്ടുണ്ട്്. എന്നാല്‍ ടിക്കറ്റ് നിരക്ക് പരിഷ്‌കരിച്ച ശേഷം വന്ന ഈ മെയ് മാസത്തില്‍ യാത്രാക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും ഡിഎംആര്‍സി വക്താവ് അറിയിച്ചു.
നേരത്തെ 2009ലാണ് ആദ്യമായി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത്. അന്ന് യാത്രക്കാരുടെ എണ്ണത്തില്‍ അഞ്ച് ശതമാനത്തോളം കുറവുണ്ടായതായി മെട്രോ അധികൃതര്‍ അറിയിച്ചു.