ന്യൂഡല്‍ഹി: ബിഹാറില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് കോവിഡ്. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ബിഹാറിലെ മുതിര്‍ന്ന ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായി സുശീല്‍ കുമാര്‍ മോദിക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം എല്ലാ ദിവസവും ഞാന്‍ ജോലിയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ദൈവം എനിക്ക് വിശ്രമം നിര്‍ദേശിച്ചിരിക്കുന്നു. കോവിഡ് പൊസീറ്റീവായതിനാല്‍ ഐസൊലേഷനില്‍ പോവുകയാണ്-ഫഡ്‌നാവിസ് ട്വീറ്റ് ചെയ്തു.

ബിഹാറില്‍ ബിജെപിക്ക് ശക്തരായ നേതാക്കളില്ലാത്തതിനാലാണ് മഹാരാഷ്ട്രയില്‍ നിന്ന് ദേവേന്ദ്ര ഫഡ്‌നാവിസിനെ ബിഹാറിലെത്തിച്ചത്. ബിജെപി-ജെഡിയു സഖ്യമായാണ് ബിഹാറില്‍ മത്സരിക്കുന്നത്. അതേസമയം ചിരാഗ് പാസ്വാന്റെ എല്‍ജെപി ഒറ്റക്ക് മത്സരിക്കുന്നത് ബിജെപി നിര്‍ദേശപ്രകാരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.