ഹൈദരാബാദ്: 2000 രൂപയുടെ ഫോട്ടോസ്റ്റാറ്റ് പതിപ്പുമായി തട്ടിപ്പിനിറങ്ങിയ യുവാവ് തെലുങ്കാനയിലെ മഹബൂബാബാദില്‍ അറസ്റ്റിലായി. പെട്രോള്‍ പമ്പില്‍ വ്യാജ കറന്‍സി ചെലവാക്കാന്‍ നോക്കിയ പ്രദീപ് എന്നയാളാണ് പിടിയിലായത്. നോട്ടില്‍ സംശയം തോന്നിയ പമ്പ് ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ കുടുങ്ങിയത്. ഇയാളില്‍ നിന്ന് നാല് വ്യാജ നോട്ടുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

കുരാവി നഗരത്തില്‍ ഫോട്ടോസ്റ്റാറ്റ് കട നടത്തുന്ന ഒരാളാണ് തനിക്ക് നോട്ടുകള്‍ നല്‍കിയതെന്ന് പ്രദീപ് പൊലീസിനോട് പറഞ്ഞു. 2000 രൂപാ നോട്ട് കളര്‍ ഫോട്ടോസ്റ്റാറ്റ് മെഷീന്‍ ഉപയോഗിച്ച് പകര്‍പ്പെടുക്കുകയായിരുന്നു. ഇയാളില്‍ നിന്ന് നോട്ട് കൈപ്പറ്റിയ പ്രദീപ് ബന്ധുവിന്റെ ബൈക്കുമായി 500 രൂപക്ക് പെട്രോളടിക്കാന്‍ ചെന്നതോടെയാണ് പിടിവീണത്.

ഒളിവില്‍ കഴിയുന്ന കടയുടമക്കും പ്രദീപിനുമെതിരെ വഞ്ചന, കള്ളനോട്ട് കൈവശം വെക്കല്‍ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

നേരത്തെ കര്‍ണാടകയിലെ ചിക്ക്മംഗളൂരുവില്‍ നിന്ന് 2000-ന്റെ കള്ളനോട്ട് പിടികൂടിയിരുന്നു. ഇതും കളര്‍ ഫോട്ടോസ്റ്റാറ്റ് പതിപ്പായിരുന്നു.