അധികരാത്തിലേറിയാല്‍ വിദേശത്തുള്ള മുഴുവന്‍ കള്ളപ്പണവും കണ്ടുകെട്ടുമെന്ന് വാഗ്ദാനം ചെയ്തിരുന്ന പ്രധാനമന്ത്രി നേരന്ദ്ര മോദിക്ക് കേരളത്തിലെ കര്‍ഷകന്റെ കത്ത്. വിളനാശത്തില്‍ നിന്നും രക്ഷപ്പെടാന്‍ വിദേശത്തു നിന്നും കണ്ടുകെട്ടിയ കള്ളപ്പണത്തില്‍ നിന്ന് അഞ്ചുലക്ഷം രൂപയെങ്കിലും തന്റെ അക്കൗണ്ടിലിടാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് വയനാട്ടിലെ മാനന്തവാടി സ്വദേശിയായ കെ. ചാത്തു എന്ന കര്‍ഷകന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.

കള്ളപ്പണത്തിന്റെ വിഹിതം രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നായിരുന്നു തെരെഞ്ഞെടുപ്പ് കാലത്ത് നരേന്ദ്ര മോദിയുടെ പ്രധാന വാഗ്ദാനം. എന്നാല്‍ വിദേശത്തുള്ള കള്ളപ്പണം നാട്ടിലെത്തിക്കാന്‍ കഴിഞ്ഞില്ല. അതേസമയം രാജ്യത്തെ കര്‍ഷകരുടെ കടബാധ്യതയും വിളനഷ്ടവും ദിനംപ്രതി ഉയര്‍ന്നുകൊണ്ടിയിരിക്കുകയുമാണ്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ കര്‍ഷകരുടെ അവസ്ഥ അതീവ ദയനീയമായിരുന്നെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ ചാത്തു വ്യക്തമാക്കുന്നുണ്ട്. കത്തിനോടൊപ്പം തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചേര്‍ത്തിട്ടുണ്ട് അദ്ദേഹം.