ന്യൂഡല്‍ഹി: കര്‍ഷക സംഘടനകളുടെ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷക പ്രക്ഷോഭം മൂന്നാഴ്ച പിന്നിടുകയാണ്. ഡിസംബര്‍ 14ന് കര്‍ഷക യൂണിയന്‍ നേതാക്കള്‍ നിരാഹാര സമരം നടത്തുമെന്ന് യൂണിയന്‍ നേതാവ് കണ്‍വാല്‍പ്രീത് സിങ് പന്നു അറിയിച്ചു.

അതേ സമയം ഡല്‍ഹിയിലേക്കുള്ള അവശേഷിക്കുന്ന പാതകള്‍ കൂടി അടച്ച് കര്‍ഷക പ്രക്ഷോഭം രണ്ടാംഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ജയ്പ്പൂര്‍ ദേശീയപാതയും ആഗ്ര എക്‌സ്പ്രസ് പാതയും ഉപരോധിക്കാനുള്ള കര്‍ഷകരുടെ മാര്‍ച്ച് തുടങ്ങി. ഹരിയാനയിലും പഞ്ചാബിലും പശ്ചിമബംഗാളിലും കര്‍ഷകര്‍ ദേശീയപാതകളിലെ ടോള്‍പിരിവ് തടഞ്ഞു. തിങ്കളാഴ്ച സിംഗു അതിര്‍ത്തിയിലെ കര്‍ഷക നേതാക്കള്‍ നിരാഹാര സമരം നടത്തും.

ഡല്‍ഹി അതിര്‍ത്തികളെ സ്തംഭിപ്പിച്ചുകൊണ്ടുള്ള കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ഷ സംഘടനകളുമായി നടത്തിയ അഞ്ച് ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കുന്നത് വരെ സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. കേന്ദ്രം തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ ട്രെയിന്‍ തടയല്‍ ഉള്‍പ്പെടെയുള്ള സമരമാര്‍ഗങ്ങളിലേക്ക് കടക്കുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.