അബുദാബി: യുഎഇയില്‍ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു. കോവിഡ് പ്രതിരോധത്തിനായി യുഎഇ അംഗീകരിച്ച സിനോഫം വാക്‌സിനാണ് വിതരണം ആരംഭിച്ചത്. സ്വകാര്യ ആശുപത്രികള്‍ മുഖേനയാണ് വാക്‌സിന്‍ നല്‍കുന്നത്. സ്വകാര്യ മേഖലയില്‍ ആദ്യമായി വാക്‌സീന്‍ കുത്തിവപ്പ് തുടങ്ങിയത് വിപിഎസ് ഹെല്‍ത്ത്‌കെയറാണ്.

ഗ്രൂപ്പിന് കീഴിലെ അബുദാബി, അല്‍ ഐന്‍, അല്‍ ദഫ്ര എന്നിവിടങ്ങളിലെ 18 ആശുപത്രികളിലും മെഡിക്കല്‍ സെന്ററുകളിലും ഇന്നു രാവിലെ ഒന്‍പതു മുതല്‍ വാക്‌സിന്‍ വിതരണം ആരംഭിച്ചു. പ്രവാസികളടക്കം ഒട്ടേറെ പേരാണ് ആദ്യദിനം വാക്‌സിന്‍ സ്വീകരിക്കാനെത്തിയത്. വരും ദിവസങ്ങളില്‍ വാക്‌സിന്‍ നല്‍കുന്നതിനായി ബുക്കിങ് തുടരുകയാണ്.

മുന്‍ ദിവസങ്ങളില്‍ ബുക്കിങ് നടത്തിയവര്‍ക്കാണ് ആദ്യ ദിനം വാക്‌സിന്‍ നല്‍കാനായതെന്നും 5,000 പേര്‍ക്ക് ദിനം പ്രതി വാക്‌സിന്‍ നല്‍കാനുള്ള സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നതെന്നും വിപിഎസ് കോവിഡ് വാക്‌സീനേഷന്‍ ടാസ്‌ക് ഫോഴ്‌സ് ലീഡ് ഡോ. പങ്കജ് ചൗള അറിയിച്ചു.