ന്യൂഡല്‍ഹി: അവരുടെ പണക്കുടുക്കയില്‍ നിന്നു തുളുമ്പിയത് കരുതലും സ്‌നേഹവുമായിരുന്നു. സ്വരുക്കൂട്ടി വച്ച നാണയത്തുട്ടുകളുമായി കുട്ടികള്‍ സമര വേദിയില്‍ എത്തിയപ്പോള്‍ കര്‍ഷകരുടെ മനം നിറഞ്ഞു കാണണം. ഇളം മനസ്സുകളുടെ കരുതല്‍ കണ്ട് കണ്ണു നിറഞ്ഞിരിക്കണം.

ഡല്‍ഹി-എന്‍സിആര്‍ അതിര്‍ത്തിയില്‍ ഉപവാസമിരുന്ന കര്‍ഷക സമരക്കാര്‍ക്കിടയിലേക്ക് കഴിഞ്ഞ ദിവസം നാലു കുഞ്ഞുങ്ങളാണ് കടന്നു വന്നത്. ടിയ മാലിക്, പ്രിന്‍സ് ചൗധരി, അവ്‌നി ചൗധരി, ദേവ് മാലിക് എന്നിവര്‍. യുപിയിലെ മീററ്റില്‍ നിന്നാണ് കുട്ടികള്‍ ഗാസിപൂരിലെ കര്‍ഷക സമര സ്ഥലത്തേക്ക് അവരുടെ പണക്കുടുക്കകളുമായി എത്തിയത്.

നാണയത്തുട്ടുകള്‍ക്ക് ഒപ്പം സത്യഗ്രഹമിരുന്ന പ്രക്ഷോഭകര്‍ക്ക് അവര്‍ ജ്യൂസും കൈമാറി. ‘കര്‍ഷകര്‍ക്ക് പിന്തുണയുമായി മീററ്റില്‍ നിന്നാണ് വരുന്നത്. ആറു മാസമായി കുടുക്കയിലിട്ട പണം കര്‍ഷകര്‍ക്ക് കൈമാറി’- ആറ്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ഈയിടെ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മൂന്നാഴ്ചയായി തുടരുന്ന സമരത്തിന് അഭൂതപൂര്‍വ്വമായ പിന്തുണയാണ് കര്‍ഷകര്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ക്ക് പുറമേ, സിനിമാ-കായിക താരങ്ങളും സമരക്കാര്‍ക്ക് പിന്തുണയുമായി എത്തി. ചിലര്‍ തങ്ങള്‍ക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയാണ് പ്രതിഷേധത്തിന്റെ ഭാഗമായത്.

അതിനിടെ, വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പ്രതിപക്ഷം കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. കര്‍ഷക സമരം 20 ദിവസം പിന്നിടുന്ന വേളയിലാണ് മോദിയുടെ പ്രതികരണം. ഗുജറാത്തിലെ കച്ചില്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ നിര്‍മാണോത്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ട ആവശ്യങ്ങളാണ് യഥാര്‍ത്ഥത്തില്‍ കാര്‍ഷിക നിയമത്തില്‍ ഉള്ളത്. വര്‍ഷങ്ങളായി പ്രതിപക്ഷം പോലും അവ ആവശ്യപ്പെട്ടിരുന്നു. അവരുടെ ഭരണകാലയളവില്‍ കാര്‍ഷിക പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാത്ത പ്രതിപക്ഷം കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.