‘ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് അവതരണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഫോണ്‍ നമ്പര്‍ ചോദിച്ച് കര്‍ഷകര്‍. വിളയുടെ വില കൂട്ടാനാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്നും അല്ലാതെ കാര്‍ഷിക വായ്പ കൂട്ടാനല്ലെന്നും കര്‍ഷക നേതാവ് രാകേഷ് ടികായത് പറഞ്ഞു. തങ്ങള്‍ പ്രധാനമന്ത്രിയോട് സംസാരിക്കാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘പ്രധാനമന്ത്രി മോദി, നിങ്ങളുടെ മൊബൈല്‍ നമ്പര്‍ തരൂ, ഞങ്ങള്‍ സംസാരിക്കാന്‍ തയ്യാറാണ്” ടികായത് കൂട്ടിച്ചേര്‍ത്തു. കര്‍ഷകരെ കേള്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എപ്പോഴും ഒരു ഫോണ്‍ കോളിനപ്പുറത്തുണ്ടെന്ന് സര്‍വ്വ കക്ഷിയോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. കര്‍ഷകര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഒരു ഫോണ്‍ കോളിനപ്പുറം ഇപ്പോഴുമുണ്ടെന്നുമായിരുന്നു സര്‍വ്വകക്ഷിയോഗത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

അതേസമയം, തിങ്കളാഴ്ച നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ കര്‍ഷകര്‍ക്ക് കാര്യമായ പരിഗണന കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി കര്‍ഷക സംഘടനകള്‍ രംഗത്തുവന്നിരുന്നു.