ന്യൂഡല്‍ഹി: കര്‍ഷക ദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് സര്‍ക്കാരും കര്‍ഷക സംഘടനാ നേതാക്കളും തമ്മിലുള്ള അഞ്ചാംവട്ട ചര്‍ച്ച പുരോഗമിക്കുന്നു. ചര്‍ച്ചയുടെ ആദ്യ മണിക്കൂറില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ വാക്‌പോരുണ്ടായി. പ്രതിഷേധത്തിനു കാരണമായ കര്‍ഷക നിയമങ്ങള്‍ ഭേദഗതി ചെയ്യാമെന്ന് സര്‍ക്കാര്‍ കര്‍ഷക സംഘടനകളെ അറിയിച്ചു. എന്നാല്‍ നിയമം പിന്‍വലിക്കുക എന്നതില്‍ കുറഞ്ഞ ഒരു തീരുമാനത്തിനും ഞങ്ങള്‍ കൈ തരില്ലെന്ന് കര്‍ഷക സംഘടനകളും അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

കേന്ദ്ര സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് വഴങ്ങുകയാണെന്നും കര്‍ഷകര്‍ ആരോപിച്ചു. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍, റെയില്‍വേ, വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍, വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവരാണ് ചര്‍ച്ചക്ക് നേതൃത്വം നല്‍കുന്നത്. കര്‍ഷകരെ പ്രതിനിധീകരിച്ച് 40 സംഘടനാ നേതാക്കളുമുണ്ട്.

ചര്‍ച്ചയുടെ തീരുമാനം അറിയുന്നതിനായി വിജ്ഞാന്‍ ഭവനു മുന്നില്‍ നിരവധി കര്‍ഷകരാണ് തടിച്ചുകൂടിയിരിക്കുന്നത്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ വന്‍ സുരക്ഷാ സന്നാഹമാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്.