Connect with us

Video Stories

ഇരുട്ടില്‍ തപ്പുന്ന സര്‍ക്കാര്‍

Published

on

ഫാത്തിമ തഹ്‌ലിയ

ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരും പോലീസും തീര്‍ത്തും നിസ്സഹായരായി ഇരുട്ടില്‍ തപ്പുന്നതായാണ് കാണുന്നത്. വലിയ തോതില്‍ ലാത്തിചാര്‍ജോ വെടിവെപ്പോ നടത്താതെ ശബരിമലയിലേക്ക് യുവതികളെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്ന് വളരെ വൈകിയാണെങ്കിലും സി.പി.എമ്മിന് ഇപ്പോള്‍ മനസിലായിട്ടുണ്ട്. ശബരിമല പോലെ ലക്ഷങ്ങള്‍ തിങ്ങിനിറഞ്ഞ് നില്‍ക്കുന്ന ഒരു സ്ഥലത്ത് പോലീസ് നടപടി ഉണ്ടായാല്‍ കുട്ടികള്‍ ഉള്‍പ്പെടുന്ന നിരപരാധികളായ ഒരുപാട് തീര്‍ത്ഥാടകരുടെ ജീവിതം കുരുതികൊടുക്കേണ്ടി വരും എന്ന് പൊലീസിന് നന്നായി അറിയാം. ശബരിമല പോലെ ഒരു പുണ്യഭൂമിയില്‍ പോലീസ് നടപടി ഉണ്ടായാല്‍ ക്രമസമാധാനം തകര്‍ന്നു എന്നാരോപിച്ച് സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം പിരിച്ചു വിടും എന്നും സര്‍ക്കാര്‍ ഭയപ്പെടുന്നു. ഇത് കൊണ്ട് തന്നെ കടുത്ത പോലീസ് നടപടി എടുക്കാന്‍ പിണറായി മുതിരില്ല. എന്നുവെച്ചു ശബരിമല വിഷയത്തിലെ പ്രഖ്യാപിത നിലപാടില്‍ നിന്ന് പിന്തിരിയാനും സി.പി.എമ്മിന് സാധിക്കില്ല. മുന്‍പിന് ആലോചിക്കാതെ എടുത്ത് ചാടി ഒരു നിലപാട് എടുത്തത് കൊണ്ട് മാത്രമാണ് സി.പി.എം ചെകുത്താനും കടലിനും ഇടയില്‍ പെട്ടത്. കണ്ണൂര്‍ മോഡല്‍ വെട്ടൊന്ന് കഷ്ണം രണ്ട് നിലപാട് എടുക്കാതെ മുഖ്യമന്ത്രി അല്പം നയതന്ത്രം കാണിച്ചിരുന്നേല്‍ ഈ പ്രതിസന്ധി ഉണ്ടാകില്ലായിരുന്നു. ഇതിപ്പോള്‍ മുഖ്യമന്ത്രിയുടെ പിടിവാശി മൂലം സമാനത ഇല്ലാത്ത വിധം കേരളത്തില്‍ സാമുദായിക ധ്രുവീകരണം നടക്കുന്നു. ഉമ്മന്‍ ചാണ്ടി ആയിരുന്നു ഇപ്പോള്‍ മുഖ്യമന്ത്രി എങ്കില്‍ സംഘപരിവാറിന് നിറഞ്ഞു കളിക്കാന്‍ അവസരം നല്‍കാതെ ഈ പ്രതിസന്ധി കൈകാര്യം ചെയ്യുമായിരുന്നു. പിണറായിയെ പോലെ ഓടി നടന്ന് മാസ്സ് ഡയലോഗ് പറയുന്നതിന് പകരം വിഷയം തന്ത്രപരമായി കൈകാര്യം ചെയ്തു മുഴുവന്‍ പഴിയും നൈസ് ആയി കേന്ദ്ര സര്‍ക്കാരിന്റെ പിരടിക്ക് വെച്ചു കൊടുക്കുമായിരുന്നു ഉമ്മന്‍ ചാണ്ടി. വലിയൊരു ജനവിഭാഗത്തിന്റെ വികാരം വൃണപ്പെടുത്തുന്ന വിഷയത്തില്‍ സ്വീകരിക്കേണ്ട ജാഗ്രത സര്‍ക്കാര്‍ ഈ വിഷയത്തില്‍ കൈകൊണ്ടില്ല. ആദ്യഘട്ടത്തില്‍ തന്നെ ഒരു സര്‍വ്വകക്ഷി യോഗം വിളിച്ചു ഒരു സമവായം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. മതവികാരം ഉയര്‍ത്തി വിടാന്‍ സംഘപരിവാര്‍ ഇതൊരു അവസരം ആയി എടുക്കും എന്ന് മുന്‍കൂട്ടി കാണാനും അത് പ്രതിരോധിക്കാന്‍ വേണ്ട നടപടികള്‍ എടുക്കാനും സര്‍ക്കാരിനായില്ല. വിധി നടപ്പിലാക്കാന്‍ സാവകാശം വേണമെന്ന് ആദ്യമേ സുപ്രീം കോടതിയോട് അവശ്യപ്പെടാമായിരുന്നു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണപരാജയത്തിന്റെ അവസാന ഉദാഹരണമാണ് കീറാമുട്ടിയായി കിടക്കുന്ന ശബരിമല പ്രതിസന്ധി. സെക്രട്ടറിയുടെ ചുമതലയില്‍ ഇരുന്ന് പാര്‍ട്ടിയെ ഭരിക്കുന്ന ശൈലിയില്‍ സംസ്ഥാനം ഭരിക്കാന്‍ മിനക്കെട്ടാല്‍ ഇന്ന് കൊച്ചിയില്‍ കണ്ട പോലെ ക്രമസമാധാനപാലനം സംഘപരിവാര്‍ കയ്യാളുമെന്ന് പിണറായി വിജയന്‍ എന്നാണ് തിരിച്ചറിയുക.?

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending