അരുണ്‍ വെട്രിമാരന്‍

മലപ്പുറം ചെരിപ്പടി മിനി ഊട്ടി ഭാഗത്ത് ഒരാളെ അന്വേഷിച്ചു ചെല്ലുമ്പോൾ ഇടക്കുവച്ചൊരു ഫോൺ വന്നപ്പോൾ ഒരു കാലുങ്കിനടുത്തു ബൈക്ക് നിർത്തി സംസാരിച്ചു, അത് കഴിഞ്ഞു വാട്സാപ്പിൽ വന്ന മെസേജ് നോക്കി റിപ്ലെ ചെയ്തിരിക്കുമ്പോൾ ഒരു സിഗരറ്റ് വലിക്കാൻ മോഹം, കുറേ നേരമായി പാറമടയും ക്രഷറും കുറെ ടിപ്പർ ലോറിയുമല്ലാതെ മറ്റൊന്നും കാണാഞ്ഞ ആ ഭാഗത്ത് വല്ല കടയുമുണ്ടോ എന്നന്വേഷിക്കാൻ നിന്നപ്പോൾ ഒരു ഉമ്മ കൈയ്യിൽ ഒരു കെട്ട് മുരിങ്ങയിലയും പിടിച്ചു കുറച്ചു ആടുകളോടൊപ്പം വരുന്നു, അടുത്തു വന്നപ്പോൾ ഉമ്മാനോട് അടുത്ത് വല്ല കടയുമുണ്ടൊ ഉമ്മാന്നു ചോദിച്ചപ്പോൾ അപ്പൊ തന്നെ “മോനെ അനക്ക് പൈക്കുന്നുണ്ടേൽ ന്റെ പോരേൽക്കു വാ, ഇവിടെ അടുത്തൊന്നും പീടിയ ഇല്ല, ഉള്ളോടത്തു പോയ ഒന്നുണ്ടാവൂല്ല തിന്നാൻ ന്ന്. വേണ്ടുമ്മ കഴിക്കാനല്ല ന്നു പറഞ്ഞപ്പോൾ ന്ന വെള്ളം കലക്കി തരാം ന്നായി…. വേണ്ടുമ്മ ഇങ്ങള് പൊയ്‌ക്കോളിൻ ഞാൻ കഴിച്ചിട്ട് വന്നതാ ഇതുവഴി പൂക്കോട്ടൂർ പോകുന്ന വഴി നിർത്തിയതാണെന്നു പറഞ്ഞു പോന്നു.

ഇത്ര ചെറിയ സംഭവം വലിയ കാര്യമാക്കി പറഞ്ഞത് മറ്റൊന്നും കൊണ്ടല്ല മലപ്പുറം എന്നത് ബോംബ് ഹോൾസെയിൽ വിലക്ക് കിട്ടുന്ന മിനി പാക്കിസ്ഥാനോ നോമ്പിന് മറ്റു ജാതിക്കാർക്ക് വെള്ളം പോലും കൊടുക്കാത്ത താലിബാനോ അല്ല, വെള്ളം ചോദിച്ചാൽ മോര് കൊടുക്കുന്ന, വിശക്കുന്നവന് അന്നം കൊടുക്കുന്ന കുറെയേറെ നല്ലമനുഷ്യരുള്ള സ്ഥലമാണ്, അതിൽ കൂടുതൽ ഇസ്ലാം മത വിശ്വസികളാണെന്ന ഒരൊറ്റ കാര്യം വച്ച് മലപ്പുറത്തെ ഒരു ഭീകര കേന്ദ്രമാക്കി അവതരിപ്പിക്കരുത്, നോമ്പ് ആരംഭിക്കുന്നതിന് ഒരു നാൾ മുൻപ് തന്നെ നോമ്പായതിനാൽ മുസ്ലീങ്ങൾ വെള്ളം പോലും തരുന്നില്ലായെ എന്നുപറഞ്ഞു നിലവിളിക്കരുതെന്നു ഒന്ന് ഓർമ്മിപ്പിച്ചതാ.