സൂറിച്ച്: കോവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ നിന്ന് മൈതാനങ്ങള്‍ ഉണരുന്നതിനിടെ ഫിഫ റാങ്കിങ്ങും പുറത്തിറങ്ങി. ബെല്‍ജിയം ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പിന്നീടുള്ള സ്ഥാനങ്ങളിലെ ടീമുകളും മാറ്റമില്ലാതെ തുടരുകയാണ്. ഫ്രാന്‍സ് രണ്ടാം സ്ഥാനത്തും ബ്രസീല്‍ മൂന്നാമതും ഇംഗ്ലണ്ട് നാലാം സ്ഥാനത്തുമാണ്.

ബെല്‍ജിയത്തിന് 1773 പോയിന്റും ഫ്രാന്‍സിന് 1744 പോയിന്റുമാണുള്ളത്. ബ്രസീലിന്റെ അക്കൗണ്ടില്‍ 1712 പോയിന്റും ഇംഗ്ലണ്ടിന് 1664 പോയിന്റുമുണ്ട്. രണ്ട് സ്ഥാനങ്ങള്‍ മുന്നില്‍ കയറി പോര്‍ച്ചുഗല്‍ അഞ്ചാമതെത്തി. യൂറോ കപ്പ് ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലിനെ നേഷന്‍സ് ലീഗിലെ പ്രകടനമാണ് തുണച്ചത്. 1653 പോയിന്റാണ് പോര്‍ച്ചുഗലിനുള്ളത്.

അതേസമയം പുതിയ റാങ്കിങ്ങില്‍ ഇന്ത്യക്ക് നിരാശയാണ് ഫലം. ഒരു സ്ഥാനം നഷ്ടമായ ഇന്ത്യ റാങ്കിങ്ങില്‍ 109ാം സ്ഥാനത്താണുള്ളത്. മത്സരങ്ങള്‍ ഒന്നും കളിക്കാത്തതാണ് ടീമിന്റെ റാങ്കിങ്ങിനെ ബാധിച്ചത്. 1187 പോയിന്റാണ് ഇന്ത്യക്കുള്ളത്.