kerala
അമേരിക്കയിലെ അഗ്നിതാണ്ഡവം
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഗ്നി ബാധയെന്ന് വിശേഷിപ്പിക്കപ്പെടുന്ന തീപിടുത്തം ലോസ് ആഞ്ചല്‍സിനെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. ഹോളിവുഡ് സിനിമാവ്യവസായത്തിന്റെ തലസ്ഥാനത്ത് കഴിഞ്ഞ ആറു ദിവസമായി തുടരുന്ന കാട്ടുതീയില്‍ ജീവന് നഷ്ടപ്പെട്ടവരുടെ എണ്ണം 24 ആയിത്തീര്‍ന്നിരിക്കുന്നു. ആയിരക്കണക്കിന് വീടുകള്‍ ഉള്‍പ്പെടെ 12,000 കെട്ടിടങ്ങള്‍ തീയില്‍ നശിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഒരു ലക്ഷത്തോളം പേരെ സ്ഥലത്തു നിന്ന് ഒഴിപ്പിക്കേണ്ടിവന്നു. പാലിസേഡില്‍ 23,600 ഏക്കറില്‍ തീ പടര്‍ന്നു പിടിച്ചപ്പോള്‍ ഈറ്റണ്‍ മേഖലയില്‍ 14,000 ഏക്കറാണ് തീവിഴുങ്ങിയത്. 13,50015,000 കോടി ഡോളറിന്റെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തപ്പെടുന്നത്. ആന്തണി ഹോപ്കിന്‍സ്, പാരിസ് ഹില്‍ട്ടണ്‍, മെല്‍ ഗിബ്സണ്, ബില്ലി ക്രിസ്റ്റല്‍ തുടങ്ങി പലസൂപ്പര്‍ താരങ്ങളുടെയും വീടുകള്‍ അഗ്നിക്കിരയായി യു.എസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയ പ്രകൃതിദുരന്തമായിരിക്കും ഈ കാട്ടുതീയെന്ന് ലോസ് ആഞ്ചലസ് ഉള്‍പ്പെടുന്ന സംസ്ഥാനമായ കാലിഫോര്‍ണിയയുടെ ഗവര്‍ണര്‍ ഗാവിന് ന്യൂസൊം പ്രസ്താവിച്ചിരിക്കുന്നത്.
ഹോളിവുഡ് താരങ്ങള്‍ താമസിക്കുന്ന പസഫിക് പാലിസേ ഡ്സിലാണ് കാട്ടുതീ രൂക്ഷമായി പടര്‍ന്നിരിക്കുന്നത്. പ്രദേശത്ത് വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രണ്ട് സ്കൂളുകള്‍ പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. അപകടകരമായ സാഹചര്യം നിലനില്ക്കുന്നതില് പ്രദേശത്തെ മുഴുവന്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. റോഡുകള്‍ അടയ്ക്കാനും വഴി തിരിച്ചുവിടാനും നിര്‍ദ്ദേശം നല്‍കിയതായി മേയര്‍ കാരന് ബാസ് എക്സില്‍ കുറിച്ചു. കാലിഫോര്‍ണിയ ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രദേശത്ത് തീ പടരുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ലക്ഷക്കണക്കിന് മനുഷ്യരെയാണ് കാട്ടുതി ബാധിച്ചിട്ടുള്ളത്. ദുരന്തത്തിന്റെ നാശം കാണുമ്പോള്‍ ഒരു അണുബോംബ് ഇട്ടത് പോലെയാണ് തോന്നുന്നതെന്ന് ലോസ്ആഞ്ചലിസ് നിയമനിര്‍വ്വഹണ ഏജന്‍സി മേധാവി റോബര്‍ട്ട് ലൂണ പറയുന്നു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞതിനാല്‍ മരിച്ചവരെ തിരിച്ചറിയാന്‍ ആഴ്ചകളെടുക്കുമെന്നാണ് മെഡിക്കല്‍ എക്സാമിനര്‍മാര്‍ അറിയിക്കുന്നത്. പതിനായിരക്കണക്കിന് ആളുകള്‍ക്ക് വീടുപേക്ഷിച്ച് പോകേണ്ടി വന്നു. ആളൊഴിഞ്ഞു പോയ വീടുകളില്‍ വ്യാപക കൊള്ളയും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. 7500ലേറെ അഗ്നിരക്ഷാപ്രവര്ത്തകരാണ് തീയണക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
രൂക്ഷമായ വരള്‍ച്ചയും മഴയുടെ അഭാവവുമാണ് കാട്ടുതി പടരാനുള്ള പ്രധാന കാരണമായി പറയപ്പെടുന്നത്. തി ആളിപ്പടരാന്‍ ഇടയാക്കിയ വരണ്ട കാറ്റായ സാന്റ ആന 24 മണിക്കൂറിനകം ശക്തി പ്രാപിക്കുമെന്ന കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം ഏറെ ആശങ്കകള്‍ക്കാണ് വഴിവെക്കുന്നത്. അങ്ങനെയുണ്ടാകുന്നപക്ഷം ജനനിബിഡമായ കൂടുതല്‍ പ്രദേശങ്ങളിലേക്ക് തീ വ്യാപിക്കുമെന്നതാണ് കാരണം. അതിനു മുമ്പ് തീയണക്കാനുള്ള ശ്രമങ്ങളാണ് അധികൃതര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ലോകപ്രശസ്തമായ കാലിഫോര്‍ണിയാ സര്‍വകലാശാലയും, വിന്‍സന്റ് വാന്‍ഗോഗ് അടക്കമുള്ള ചിത്രകലയിലെ കുലപതികളുടെ ഒന്നര ലക്ഷത്തോളം വരുന്ന കലാസൃഷ്ടികള്‍ സൂക്ഷിച്ചിരിക്കുന്ന ജെപോള്‍ ഗെറ്റി സന്ററര് എന്ന ഹില്‍ടോപ് മ്യൂസിയം ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് വിളിപ്പാടകലെയാണ് തീ എത്തി നില്‍ക്കുന്നത്. ഇതുവരെ കടന്നുപോയിട്ടില്ലാത്ത ഭീതിജനകമായ സാഹചര്യങ്ങളിലൂടെ ലോസ് ആഞ്ജലസ് കടന്നു പോകുമ്പോഴും അഗ്നിബാധ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ല എന്നതണ് വസ്തുത. ദുരന്തത്തിനിടയിലും പ്രദേശത്ത് നിന്നുയരുന്ന രാഷ്ട്രിയ അഭിപ്രായ വ്യത്യാസങ്ങള്‍ അഗ്നിബാധ ദുരന്തം നേരിടുന്നതില്‍ ഭരണകൂടത്തിനുള്ള ആശയക്കുഴപ്പമാണ് വ്യക്തമാക്കുന്നത്.
കാട്ടു തീ അമേരിക്കയേയും ലാറ്റിനമേരിക്കയേയുമൊന്നും സംബന്ധിച്ച് പുത്തന്‍ പ്രതിഭാസമല്ല. വര്ഷാവര്ഷങ്ങളില് അവിടങ്ങളില്‍ കാട്ടുതീ പടരുകയും ഹെക്ടര്‍ കണക്കിന് പ്രദേശങ്ങള്‍ കത്തിച്ചാമ്പലാകുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഈ ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിച്ചുവരുന്നതും സമയങ്ങളില്‍ തീ ഉയരുന്നതും ജനവാസകേന്ദ്രങ്ങളിലേക്ക് പടരുന്നതും നാശനഷ്ടങ്ങളുടെ വ്യാപ്തി വര്‍ധിക്കുന്നതുമെല്ലാം ലോകത്തെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ വേഗത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതാണ് നുമക്ക് ദൃശ്യമാകുന്നത്. തീ വഹിച്ചുകൊണ്ടുപോകുന്ന വിവിധ പേരുകളിലുള്ള കാറ്റിന് വേഗത ഓരോ വര്‍ഷവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണ ലഭിക്കേണ്ടിയിരുന്ന മഴയു ടെ പത്ത് ശതമാനം മാത്രമാണ് ഈ സീസണില്‍ കാലിഫോര്‍ണിയ സ്റ്റേറ്റില്‍ ലഭിച്ചുള്ളൂ എന്നത് കൊണ്ടുതന്നെ കാട്ടുതീ അടക്കമുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടതാണ്. ഏറ്റവും ആധുനിക സംവിധാനങ്ങള്‍ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന അമേരിക്കയാണ് ഈ രിതിയില്‍ പുകഞ്ഞു കൊണ്ടിരിക്കുന്നതെന്നത് പ്രകൃതി ദുരന്തങ്ങളുടെ മുന്നില്‍ മനുഷ്യന്റെ നിസഹായാവസ്ഥ ഒരിക്കല്‍കൂടി പ്രകടമാക്കുകയാണ്.
kerala
ഡിജിറ്റല്‍ അറസ്റ്റ്: ബംഗളൂരു സ്വദേശിനിക്ക് 32 കോടി രൂപയുടെ നഷ്ടം
മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്.
ബംഗളൂരുവിലെ 57 കാരിയായ സോഫ്റ്റ്വെയര് എന്‍ജിനീയര്‍ ‘ഡിജിറ്റല്‍ അറസ്റ്റി’ന്റെ പേരില്‍ നടന്ന വമ്പന്‍ സൈബര്‍ തട്ടിപ്പില്‍ 32 കോടി രൂപ നഷ്ടപ്പെട്ടു. മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്. നവംബര്‍ 14-നാണ് അവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആദ്യ തട്ടിപ്പ് നടന്നത് 2024 സെപ്റ്റംബര്‍ 15-നാണ്.
ആരംഭത്തില്‍ ഡി.എച്ച്.എല്‍ കുറിയര്‍ എക്സിക്യൂട്ടീവാണെന്ന് പറഞ്ഞ് വിളിച്ചെത്തിയ തട്ടിപ്പുകാര്‍, സ്ത്രീയുടെ പേരില്‍ മുംബൈ ഓഫീസില്‍ എംഡിഎംഎ, പാസ്പോര്ട്ടുകള്, ക്രെഡിറ്റ് കാര്‍ഡുകള്‍ അടങ്ങിയ പാഴ്സല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് ‘സി.ബി.ഐ ഉദ്യോഗസ്ഥന്’ എന്ന് പരിചയപ്പെടുത്തിയ മറ്റൊരാള്‍ ഭീഷണിപ്പെടുത്തി. അറസ്റ്റ് ചെയ്യുമെന്ന ഭീഷണിക്കിടെ നിരപരാധിത്വം തെളിയിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കുകയും അവരുടെ എല്ലാ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
മകന്റെ വിവാഹം അടുത്തുള്ളതിനാല്‍ ഭീതിയില്‍പ്പെട്ട അവര്‍ തട്ടിപ്പുകാരുടെ നിര്‍ദ്ദേശം അനുസരിക്കേണ്ടി വന്നു. ‘ജാമ്യം’ എന്ന പേരില്‍ ആദ്യം രണ്ട് കോടി രൂപയും തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുളള മുഴുവന്‍ പണവും, സ്ഥിര നിക്ഷേപം ഉള്‍പ്പെടെ, കൈമാറി. ‘ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്’ എന്ന പേരില്‍ ഒരു വ്യാജ രേഖയും തട്ടിപ്പുകാര്‍ നല്കി.
തുക തിരികെ നല്‍കുമെന്ന വാഗ്ദാനം പാലിക്കാതെ തട്ടിപ്പുകാര്‍ തീയതികള്‍ മാറ്റിനില്‍ക്കുകയായിരുന്നു. സാമ്പത്തികമായും മാനസികമായും തകര്‍ന്ന സ്ത്രീ ഒരുമാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നു. പിന്നീട് തട്ടിപ്പുകാരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ, മകന്റെ വിവാഹശേഷം അവര്‍ പൊലീസില്‍ പരാതി നല്കി.
kerala
അതിരപ്പിള്ളിയില്‍ കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്
കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്.
അതിരപ്പിള്ളി: അതിരപ്പിള്ളിയിലുണ്ടായ ഗുരുതര വാഹനാപകടത്തില്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ടാമത്തെ ചപ്പാത്തിക്ക് സമീപത്താണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45 ഓടെ അപകടം സംഭവിച്ചത്.
കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്. കൊണ്ടോട്ടി രജിസ്ട്രേഷന് നമ്പറിലുള്ള കാറാണ് അപകടത്തില്‍ പെട്ടത്. സംഭവം നടന്ന ഉടന്‍ വിവരം പുറത്തറിഞ്ഞിട്ടില്ല; കുറച്ച് സമയത്തിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചതെന്ന് ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു.
kerala
കേരളത്തില്‍ ശക്തമായ മഴ: ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍, മധ്യ കേരള മേഖലകളിലാണ് കൂടുതല്‍ മഴയ്ക്കുള്ള സാധ്യത.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളും യെല്ലോ അലര്‍ട്ടില്‍ തുടരും.
ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സന്നിധാനം, പമ്പ, നിലക്കല്‍ പ്രദേശങ്ങളില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയെ കുറിച്ച് കാലാവസ്ഥ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തീര്‍ത്ഥാടകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
-
india13 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News14 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
