കറാച്ചി: പാകിസ്താനിലെ കറാച്ചി നഗരത്തില്‍ സ്റ്റാര്‍ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ മൂന്ന് സ്ത്രീകളടക്കം 11 പേര്‍ മരിച്ചു. 75 പേര്‍ക്ക് പരിക്കേറ്റു. റീജന്റ് പ്ലാസ സ്റ്റാര്‍ ഹോട്ടലിലാണ് തീപിടിത്തുമുണ്ടായത്. അടുക്കള ഭാഗഗത്തുനിന്നാണ് തീ പടര്‍ന്നതെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറയുന്നു. തുടര്‍ന്ന് ഹോട്ടലില്‍ മുഴുവന്‍ തീ വ്യാപിച്ചു. സംഭവസമയം പാകിസ്താന്‍ ക്രിക്കറ്റ് താരം ശുഹൈബ് മഖ്‌സൂദും നിരവധി വിദേശികളും ഹോട്ടലില്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. മഖ്‌സൂദ് സുരക്ഷിതനാണ്. മറ്റൊരു ക്രിക്കറ്റ് താരം യാസിന്‍ മുര്‍താസക്ക് രക്ഷപ്പടാനുള്ള ശ്രമത്തിനിടെ കാലിന് പരിക്കേറ്റു. അപകടമുണ്ടായാല്‍ രക്ഷപ്പെടാനുള്ള മാര്‍ഗം ഹോട്ടലില്‍ ഉണ്ടായിരുന്നില്ല. മുകള്‍ നിലയിലുള്ള പലരും രക്ഷപ്പെടാന്‍ സാധിക്കാതെ കുടുങ്ങി. കിടക്ക വിരികള്‍ കയറുപോലെയാക്കി ജനല്‍ വഴിയാണ് ചിലര്‍ രക്ഷപ്പെട്ടത്. ഇങ്ങനെ താഴേക്ക് ചാടിയ നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂന്നു മണിക്കൂറോളം ശ്രമിച്ചതിനു ശേഷമാണ് അഗ്നിശമന സേനക്ക് തീ അണക്കാനായത്. പരിക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. സംഭവത്തെക്കുറിച്ച് സിന്ധി മുഖ്യമന്ത്രി സയ്യിദ് മുറാദ് അലി ഷാ അന്വേഷണത്തിന് ഉത്തരവിട്ടു.