തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തം എന്‍ഐഎ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യണം. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനാണ് ശ്രമമെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. സെക്രട്ടേറിയറ്റിന്റെ മൂന്ന് സെക്ഷനുകളിലാണ് തീപിടുത്തം ഉണ്ടായതെന്നും വിദേശയാത്രയുടെ ബന്ധപ്പെട്ടതും അങ്ങേയറ്റം രാഷ്ട്രീയ പ്രാധാന്യമുള്ളതുമായ രഹസ്യ ഫയലുകളാണ് കത്തി നശിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
‘നശിച്ചത് അല്ലെങ്കില്‍ നശിപ്പിച്ച് കളഞ്ഞത്’ എന്നാണ് അദ്ദേഹം തീപിടിത്തത്തെ വിശദീകരിച്ചത്.

എംഎല്‍എമാരായ വി.ടി ബല്‍റാം, വി.എസ് ശിവകുമാറും യുഡിഎഫ് നേതാക്കളും പ്രതിപക്ഷ നേതാവിനൊപ്പം സെക്രട്ടേറിയറ്റ് ഗേറ്റിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷ നേതാവിനെയും എംഎല്‍എമാരെയും സെക്രട്ടേറിയറ്റിന് ഉള്ളിലേക്ക് കടത്തി വിടുകയായിരുന്നു.

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ വൈകിട്ടുണ്ടായ തീപിടുത്തതോടെയാണ് നിലവിലെ സംഭവ വികാസങ്ങളുടെ തുടക്കം. കമ്പ്യൂട്ടറില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ജീവനക്കാര്‍ പറയുന്നു. അപകടത്തില്‍ ആളപായമില്ല. ജിഐഎ പൊളിറ്റിക്കല്‍ ഓഫീസിലാണ് തീപിടുത്തം ഉണ്ടായതെന്ന് ഫയര്‍ഫോഴ്‌സ് പറഞ്ഞു. സെക്രട്ടറിയേറ്റില്‍ എത്തുമ്പോള്‍ പുക നിറഞ്ഞ സ്ഥിതി ആയിരുന്നു.

ചില ഫയലുകള്‍ കത്തി നശിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്ന് പ്രാഥമിക നിഗമനം. റൂം ബുക്കിങ്ങുമായി ബന്ധപ്പെട്ട ഫയലുകള്‍ വെച്ചിരിക്കുന്ന റാക്കില്‍ ആണ് തീപിടുത്തം ഉണ്ടായത്. ബാക്കി ഫയലുകള്‍ സുരക്ഷിതമെന്നും പൊതുഭരണ വകുപ്പ് പ്രതികരിച്ചു.