തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലുണ്ടായ  തീപിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. പരിശോധനയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് കണ്ടെത്താനായില്ലെന്ന് ഫോറന്‍സിക് വിഭാഗം മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

ഫാനില്‍ നിന്ന് സ്വിച്ചിലേക്കുള്ള വയറുകള്‍ ഉള്‍പെടെ പരിശോധിച്ചു. ശേഖരിച്ച 45 ല്‍ 21 വസ്തുക്കളും പരിശോധിച്ച ശേഷമാണ് നിഗമനം .അതേസമയം ഫാന്‍ ഉള്‍പെടെയുള്ള വസ്തുക്കളുടെ പരിശോധനാ റിപ്പോര്‍ട്ട് വരാനുണ്ട്.

ഓഗസ്റ്റ് 25നായിരുന്നു പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിക്കാനുളള ആസൂത്രിത നീക്കമാണ് നടന്നതെന്ന ആരോപണം ഉയര്‍ന്നിരുന്നു.

ഇതിനു പിന്നാലെ സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ സംഘത്തെ നിയമിച്ചിരുന്നു. ഡോ. കൗശികന്‍ അധ്യക്ഷനായ സമിതിയെ ആണ് നിയോഗിച്ചിരുന്നത്. എന്നാല്‍ ഈ സമിതി ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് തീപിടിച്ചതെന്ന് കണ്ടെത്തിയിരുന്നു.