സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലേറിയത്. പ്രതീക്ഷകളുടെ ഒരു പിടി ഭാരവുമായാണ് ഈ സര്‍ക്കാര്‍ നിലവില്‍ വന്നത്. എന്തും നടപ്പിലാക്കാനുള്ള രണ്ടില്‍ മൂന്ന് ഭൂരിപക്ഷം ലഭിച്ചപ്പോള്‍ കേരള ജനത സ്വാഭാവികമായും ചിന്തിച്ചത് മാറ്റങ്ങളുടെ ശരികള്‍ക്ക് കേരളം സാക്ഷിയാവുകയാണെന്നാണ്. പിണറായിയുടെ ശരീരഭാഷയില്‍ നിന്ന് കേരളം കാത്തിരുന്നത് ഇച്ഛാശക്തിയുടെ ശബ്ദമാണ്. രാഷ്ട്രീയ കേരളത്തില്‍ എല്ലാം ശരിയാകുന്ന ഒരു സാംസ്‌കാരികാന്തരീക്ഷം.
പക്ഷേ, ഒരു വര്‍ഷം കഴിയുമ്പോള്‍ എല്ലാം ശരിയാകുമെന്ന് കാത്തിരുന്നവരുടെ തലയില്‍ ഇടിത്തീ വീഴുന്ന കാഴ്ചക്കാണ് കേരളം സാക്ഷിയായത്. കഴിഞ്ഞ അമ്പത് വര്‍ഷമായി കേരളം കാണാത്ത പീഢനങ്ങളുടെ നീണ്ടനിര, അവകാശലംഘനങ്ങളുടെ തുടര്‍ക്കഥ, ഭരണഘടനാലംഘനങ്ങളുടെ ചിത്രങ്ങള്‍, ദുരിതങ്ങളുടെ പീഡനപര്‍വ്വം ഇനി എങ്ങനെ അടുത്ത നാല് വര്‍ഷം തളളിനീക്കുമെന്ന് അങ്കലാപ്പില്‍ മലയാളി കൈമലര്‍ത്തുകയാണ്.
ഒരു സര്‍ക്കാറിന്റെ വികസന പ്രക്രിയകളാണ് ആ ഭരണത്തെ വിലയിരുത്തുന്നതിന്റെ ആദ്യപടി. വികസനത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ രാഷ്ട്രീയം മറന്ന് ജനങ്ങള്‍ പിന്തുണക്കും. സൗകര്യങ്ങള്‍ വര്‍ധിക്കുമ്പോള്‍ സര്‍ക്കാറിന്റെ ഇച്ഛാശക്തി വാഴ്ത്തപ്പെടും. പക്ഷേ, ഇവിടത്തെ കാര്യങ്ങള്‍ നേരെ തിരിച്ചാണ്. മുന്‍ സര്‍ക്കാര്‍ തുടങ്ങിവെച്ച മെഗാ-പ്രൊജക്റ്റുകളില്‍ പോലും രാഷ്ട്രീയം കലര്‍ത്തുന്ന സമീപനം വ്യാപകമായി. വിഴിഞ്ഞം തുറമുഖം രാജ്യം ഉറ്റുനോക്കിയ വികസന പ്രക്രിയയാണ്. അന്താരാഷ്ട്ര കപ്പല്‍ ചാലിനോട് ഏറ്റവുമടുത്ത് നില്‍ക്കുന്ന രാജ്യാന്തര തുറമുഖം. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശരവേഗത്തില്‍ പണി പൂര്‍ത്തിയാക്കവെയാണ് സര്‍ക്കാര്‍ മാറിയത്. കരാറില്‍ മാറ്റം വരുത്തണമെന്ന അഭിപ്രായം പോലുമുയര്‍ന്നതോടെ പദ്ധതി ഇഴഞ്ഞു നീങ്ങുന്ന സ്ഥിതിയിലെത്തി. ഇത് വീണ്ടും കേരളത്തിന്റെ നിക്ഷേപകാന്തരീക്ഷത്തെ പിറകോട്ട് വലിപ്പിച്ചു.
നിയമങ്ങളിലെ നൂലാമാലകള്‍ കാരണമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ‘കേരള എയര്‍ ലൈന്‍ പദ്ധതി നടപ്പാക്കാതിരുന്നത്. ഒറ്റയടിക്ക് 20 ഫ്‌ളൈറ്റുകള്‍ വേണമെന്ന നിയമമായിരുന്നു പ്രശ്‌നം. പക്ഷേ, കേന്ദ്ര സര്‍ക്കാര്‍ ഈയിടെ ആ നിയമം എടുത്തുമാറ്റി. എയര്‍കേരള തുടങ്ങാനുള്ള എല്ലാ സാഹചര്യവും ഉയര്‍ന്നുവന്നു. പക്ഷേ, കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഏറെ രസകരമായിരുന്നു.ആദ്യം കെ.എസ്.ആര്‍.ടി.സി ലാഭത്തിലാകട്ടെ എന്നിട്ടാകാം എയര്‍കേരള എന്ന പ്രസ്താവന മുന്‍ വര്‍ഷത്തെ ഏറ്റവും വലിയ കോമഡിയാണ്. ഏത് കാലത്താണ് കെ.എസ്.ആര്‍.ടി.സി ലാഭത്തിലെത്തുക? അല്ലെങ്കിലും എയര്‍പോര്‍ട്ടുകളിലേക്കുള്ള ലോ ഫ്‌ളോര്‍ ബസുകളാണ് കെ.എസ്.ആര്‍.ടി.സിയുടെ ലാഭകരമായ റൂട്ടുകളിലൊന്ന് എന്നത് മനസ്സിലാക്കാനുള്ള മിനിമം കോമണ്‍സെന്‍സെങ്കിലും മുഖ്യമന്ത്രി പ്രകടിപ്പിക്കേണ്ടതായിരുന്നു.
ഗുണ്ടാരാജിനെ വെല്ലുന്ന പൊലീസ് രാജാണ് മറ്റൊരു പ്രശ്‌നം. പൊലീസ് തലപ്പത്ത് നിയമിച്ചത് നരേന്ദ്രമോദിയുടെ ഇഷ്ടക്കാരനെ. ഒരു ഗുജറാത്ത് സ്റ്റൈല്‍ പൊലീസ് ഭരണം നടപ്പാക്കാനുള്ള ശ്രമം അദ്ദേഹവും നടത്തി. ന്യൂനപക്ഷങ്ങളെയും പാര്‍ശ്വവല്‍കൃത വിഭാഗങ്ങളെയും ലാത്തിയുടെ മുനയില്‍ നിര്‍ത്തി അവരുടെ ന്യായമായ അവകാശങ്ങളെ പോലും ഒതുക്കാന്‍ ശ്രമിച്ചു. ഭരണഘടനാ സ്വാതന്ത്ര്യങ്ങളെ അട്ടിമറിച്ചു. പക്ഷേ, കേരളം ഗുജറാത്തല്ലെന്ന് പൊലീസ് മേധാവികള്‍ക്ക് പിന്നീട് വ്യക്തമായി. പീഡിപ്പിക്കപ്പെട്ട അമ്മയോടൊപ്പം കേരളമൊന്നടങ്കം നിലയുറപ്പിച്ചതോടെ ‘മുണ്ടുടുത്ത മോദി’ക്ക് നില്‍ക്കകള്ളിയില്ലാതായി. മഹിജ സംഭവത്തില്‍ കേരളത്തിലലയടിച്ച പ്രതിഷേധം യഥാര്‍ത്ഥത്തില്‍ പിണറായി സര്‍ക്കാരിനെതിരെയുള്ള ജനകീയ കേരളത്തിന്റെ രോഷമാണ്.
വിദ്യാഭ്യാസരംഗത്താണ് ഏറ്റവും വലിയ പിടിപ്പുകേട്. കേരളത്തില്‍ കഴിഞ്ഞ ആറ് പതിറ്റാണ്ടില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയും പരീക്ഷാതട്ടിപ്പുകളും. പിണറായി വിജയന്റെ ആദ്യ വര്‍ഷം തന്നെ ഇവ രണ്ടും സംഭവിച്ചു. സാധാരണ വിദ്യാര്‍ത്ഥികള്‍ക്ക് നരകസമാനമായ തീരുമാനങ്ങള്‍ സമ്മാനിക്കുകയാണ് ഇതുവഴിയുണ്ടായത്. തങ്ങളുടെ പിടിപ്പുകേടുകള്‍ വിദ്യാര്‍ത്ഥികളുടെ തലയിലേക്ക് വെച്ചുകെട്ടുന്ന സംഭവങ്ങള്‍ ദിവസേന വന്നുകൊണ്ടിരുന്നു.
സ്വജനപക്ഷപാതവും സ്ത്രീ പീഡനവും ഇടതുപക്ഷത്തിന്റെ തുരുപ്പുചീട്ടുകളായിരുന്നു. തെരഞ്ഞെടുപ്പ് ക്യാമ്പയിനുകളില്‍ പക്ഷേ, ഈ രണ്ടു സംഭവങ്ങളുടെ പേരില്‍ പിണറായി മന്ത്രിസഭയിലെ രണ്ട് ഗജകേസരികള്‍ക്കാണ് അധികാരം വിട്ടൊഴിയേണ്ടി വന്നത്. രണ്ടും ആരോപണങ്ങളല്ല, പൂര്‍ണമായും തെളിയിക്കപ്പെട്ട പട്ടാപകല്‍ സംഭവങ്ങള്‍.
സത്യത്തില്‍ പിണറായി വിജയനാണോ അദ്ദേഹത്തിന്റെ ഉപദേശകരാണോ കേരളം ഭരിക്കുന്നത് എന്ന് തീരുമാനിക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ തന്നെ ഏഴോ എട്ടോ ഉപദേശകന്മാര്‍, ഓരോ ഉപദേശകര്‍ക്കും ലക്ഷങ്ങളുടെ പ്രതിഫലം. എന്നാല്‍ ആര്‍ക്കും യാതൊരു ഉത്തരവാദിത്തങ്ങളുമില്ല. ഇവരെല്ലാം ഉപദേശിക്കാന്‍ തുടങ്ങിയതോടെ പിണറായിയുടെ ഭരണം സാധാരണക്കാരില്‍ നിന്നകന്നു. ആര്‍ക്കും ഏതു സമയവും സമീപിക്കാമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ രീതിയില്‍ നിന്ന് ആര്‍ക്കും കാണാന്‍ പറ്റാത്ത ചില്ലു കൊട്ടാരത്തിലെ ഗോപുര ഭരണമായി ഈ സര്‍ക്കാര്‍ മാറി. പെന്‍ഷനും ഭക്ഷണവും അരിയും ചോദിച്ചവര്‍ക്ക് പിണറായി നല്‍കിയത് രാഷ്ട്രീയ കൊലപാതകങ്ങളുടെ നീണ്ടനിരയാണ്. ഫ്രഞ്ച് വിപ്ലവത്തിലെ ലൂയി പതിനാലാമന്റെ ഭരണമാണ് കേരളത്തില്‍ ഇപ്പോള്‍ അരങ്ങേറുന്നത് എന്ന് പറയാതെ വയ്യ. സംവാദാത്മക ഭരണപ്രക്രിയക്ക് അവസാനം നല്‍കി കൊലപാതക രാഷ്ട്രീയ പ്രക്രിയക്ക് തുടക്കം കുറിച്ചിരിക്കുന്നു. ഇത് കേരളത്തെ ഏത് നരകത്തിലേക്കാണ് എത്തിക്കുകയെന്ന് സാംസ്‌കാരിക കേരളം ഭയപ്പാടോടെ നോക്കുകയാണ്. ഒരു രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള എല്ലാ ഭീകര സാഹചര്യങ്ങളും ഇന്ന് കേരളത്തിലുണ്ട്. പക്ഷേ, അത് ആവശ്യപ്പെടാതിരിക്കുന്നത് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ സാമാന്യ രാഷ്ട്രീയ മര്യാദ കൊണ്ട് മാത്രമാണെന്ന് മനസ്സിലാക്കാന്‍ പിണറായി വിജയന്‍ തയാറാകണമെന്ന് ഓര്‍മിപ്പിക്കുകയാണ്. ദുരിത രാഷ്ട്രീയത്തിന്റെ ഒരു വര്‍ഷം എന്ന സംസ്ഥാന മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ രാഷ്ട്രീയ ക്യാമ്പയിന്‍ ഈ ഓര്‍മ്മപ്പെടുത്തലുകളുടെ ‘സോഷ്യല്‍ ഓഡിറ്റ്’ ആണ്. യുവ കേരളത്തിന്റെ ഈ മുദ്രാവാക്യം പിണറായി വിജയന്റെ അധികാര ഗോപുരത്തിലേക്ക് ജനാധിപത്യ കേരളം ഉയര്‍ത്തുന്ന ചൂണ്ടുവിരലാണ്. അതവഗണിക്കാന്‍ പിണറായി വിജയന്റെ പൊലീസ് രാജ് മതിയാകില്ല എന്നോര്‍മപ്പെടുത്തട്ടെ.

(മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ടാണ് ലേഖകന്‍)