ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയില്‍ താല്‍ക്കാലികമായ അടച്ചിട്ട രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നവംബര്‍ ഒന്നു മുതല്‍ പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. 2020 അക്കാദമിക വര്‍ഷത്തിലെ ബിരുദ-ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കുള്ള ആദ്യ വര്‍ഷ കലണ്ടര്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.

ഒക്ടോബര്‍ 31ന് പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കണം എന്നാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ളത്. ആദ്യ സെമസ്റ്റര്‍/വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസ് നവംബര്‍ ഒന്നിന് ആരംഭിക്കും. 2021 മാര്‍ച്ച് എട്ടിനും 26നും ഇടയ്ക്ക് പരീക്ഷകള്‍ നടത്തണം.

അക്കാദമിക സമയ നഷ്ടം പരിഹരിക്കുന്നതിനായി ശൈത്യ വേനല്‍ അവധികള്‍ ഇല്ലാതാക്കിയിട്ടുണ്ട്. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ നാലു വരെയാണ് സെമസ്റ്റര്‍ ബ്രേക്ക്. അഞ്ചാം തിയ്യതി ക്ലാസുകള്‍ പുനഃരാരംഭിക്കും. സെപ്തംബറിലാണ് ആദ്യവര്‍ഷ ക്ലാസുകള്‍ ആരംഭിക്കേണ്ടിയിരുന്നത്.