കൊല്‍ക്കത്ത: ഫിറ്റ്‌നസിന്റെ കാര്യത്തില്‍ നല്ല ശ്രദ്ധ കാണിക്കുന്നവരാണ് പുതുതലമുറയിലെ പലരും. നല്ല ആരോഗ്യമുള്ള ശരീരം കിട്ടാനായി മണിക്കൂറുകളോളം ജിമ്മില്‍ അധ്വാനിക്കുന്നവരാണ് പലരും. നല്ല സാമ്പത്തിക ശേഷിയുള്ളവരാണ് മികച്ച ജിംനേഷ്യങ്ങളില്‍ നല്ല പരിശീലകര്‍ക്കു കീഴില്‍ സ്വന്തം ശരീരം പൊന്നു പോലെ നോക്കുന്നത്.

ടീഷര്‍ട്ടിട്ട് മസിലും പെരുപ്പിച്ച് സിക്‌സ് പായ്ക്കായി നടക്കുന്നവര്‍ക്കിടയില്‍, ഇതാ ഒരു ചിത്രം വൈറലായിരിക്കുന്നു. നല്ല ഒന്നാന്തരം മസിലും പായ്ക്കുമുള്ള ഒരു മനുഷ്യന്‍. ജിമ്മില്‍ പോയി ഉണ്ടാക്കിയതല്ല അയാളുടെ ശരീരം. എല്ലുമുറിയെ പണിയെടുത്ത് ഉണ്ടാക്കിയതാണ്.

സത്യപ്രകാശ് പാണ്ഡെ എന്നയാളാണ് ഈ ചിത്രം പകര്‍ത്തിയത്. ആശിഷ് സാഗര്‍ അത് ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു. കുറച്ചു സമയങ്ങള്‍ക്കുള്ളില്‍ ചിത്രം ഇന്റര്‍നെറ്റ് കീഴടക്കി. കൂടെ കമന്റുകളും. ജിംനേഷ്യങ്ങളില്‍ പോയി ആയിരങ്ങള്‍ മുടക്കുന്നതിലെ അര്‍ത്ഥ ശൂന്യതയാണ് പലരും പങ്കുവച്ചത്.