ലക്‌നൗ: ഉത്തര്‍പ്രദേശിലെ ചന്ദൗലിയില്‍ കാണാതായ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ശ്വാസം മുട്ടിച്ച് കൊന്നു. വീടിനടുത്തുള്ള പുല്‍ക്കൂനക്കുള്ളില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം നടന്ന ഛഠ് പൂജാ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനിടെയാണ് കുട്ടിയെ കാണാതാകുന്നത്. അവസാനമായി കുട്ടിയെ കാണുന്നത് മറ്റു കുട്ടികളോടൊപ്പം കളിക്കുമ്പോഴാണ്. അര്‍ദ്ധരാത്രി വരെ ഗ്രാമവാസികളും കുടുംബാംഗങ്ങളും ചേര്‍ന്ന് തിരച്ചില്‍നടത്തിയെങ്കിലും ഫലം കണ്ടില്ല. വീട്ടില്‍ നിന്ന് ഏകദേശം 50 മീറ്റര്‍ അകലെയുള്ള കുടിലിനടുത്ത് കുട്ടിയുടെ അടിവസ്ത്രങ്ങള്‍ കണ്ടെത്തിയതോടെ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പുല്‍ കൂമ്പാരത്തിനുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ടന്നും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ലൈംഗികാതിക്രമവും ശ്വാസം മുട്ടലുമാണ് മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ സ്വകാര്യഭാഗങ്ങളില്‍ മുറിവുകളുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കുറിച്ചുള്ള നിര്‍ണായക സൂചനകള്‍ ലഭിച്ചിട്ടുണ്ടന്ന് വാരണാസി റേഞ്ച് ഡിഐജി വൈഭവ് കൃഷ്ണ പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ 24ന് ഘതംപൂറിലെ ഒരു ഗ്രാമത്തില്‍ വീടിനടുത്ത് നിന്ന് നാലുവയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തിരുന്നു. കാണാതായ കുട്ടിയെ പിന്നീട് വീടിന് പുറത്തെ ടോയ്‌ലറ്റില്‍ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയില്‍ കണ്ടെത്തിയിരുന്നു.