പൂനെ: ഓസീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ദയനീയ തോല്‍വിക്കു പിന്നാലെ വിവാദക്കനലുകള്‍ എരിയുന്നു. ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരക്കായി പൂനെയില്‍ മോശം പിച്ച് ഒരുക്കിയതിന് പിന്നില്‍ ഒത്തുകളിയുണ്ടെന്നാണ് പുതിയ ആരോപണം. സുപ്രീം കോടതി പുറത്താക്കിയ ബിസിസിഐ സെക്രട്ടറി അജയ് ഷിര്‍ക്കെയാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.

പിച്ച് നിര്‍മ്മാണത്തില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്നും, ഇക്കാര്യം പുറത്തുകൊണ്ട് വരാന്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറയുന്നു. സുപ്രീം കോടതി നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന് താന്‍ ആവശ്യപ്പെടുന്നു. ഇത് ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് മഹാവ്യാധിയാണ്, ഈ കുഴപ്പത്തിന്റെ വേരു കണ്ടെത്തേണ്ടതുണ്ട്, ആളുകള്‍ യാതൊരു തെളിവും ഇല്ലാതെ ആരോപണം ഉന്നയിക്കുകയാണ്, അതിനാലാണ് യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നത്, അവര്‍ ഫോണ്‍ റെക്കോര്‍ഡുകള്‍ പരിശോധിക്കട്ടെ, അപ്പോഴറിയാം ഇത്തരം പിച്ചുണ്ടാക്കാന്‍ ആരാണ് നിര്‍ദേശം നല്‍കിയതെന്ന്ഷിര്‍ക്കെ പറയുന്നു. 2013ല്‍ ഐപിഎല്‍ ഒത്തുകളി പുറത്ത് വന്നപ്പോള്‍ അതില്‍ ഉള്‍പ്പെട്ട എല്ലാവരേയും ബിസിസിഐ പുറത്താക്കിയെന്നും ഇപ്പോള്‍ സുപ്രീം കോടതി നിയോഗിച്ച ഉദ്യോഗസ്ഥര്‍ ‘പിച്ച് ഒത്തുകളിയില്‍’ എന്ത് നിലപാടാണ് സ്വീകരിക്കുകയെന്ന് കാത്തിരുന്ന് കാണാമെന്നും ഷിര്‍കെ പറയുന്നു. പൂനെ പിച്ച് നേരത്തെ തന്നെ സീമര്‍മാരെ തുണക്കുന്നതാണെന്നും ഇത് അട്ടിമറിച്ചത് ആരെന്ന് കണ്ടെത്തണമെന്നും ഇംഗ്ലണ്ടില്‍ നിന്ന് ടെസ്റ്റ് പരമ്പര കാണാനായി മാത്രം ഇന്ത്യയിലെത്തിയ ഷിര്‍ക്കെ ആവശ്യപ്പെട്ടു.
800x480_image64458868

ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ടെസ്റ്റ് രണ്ടര ദിവസം കൊണ്ട് അവസാനിച്ചിരുന്നു. ഓസീസ് സ്പിന്നര്‍മാര്‍ കളം വാണ മത്സരത്തില്‍ 333 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ഓസ്‌ട്രേലിയക്കായി ഒകീഫെ 12 വിക്കറ്റ് വീഴ്ത്തി. 105, 107 എന്നിങ്ങനെയായിരുന്നു ഇരുഇന്നിംഗ്‌സുകളിലും ഇന്ത്യയുടെ സ്‌കോര്‍. അതെ സമയം ഓസീസ് ടീം ഇരുഇന്നിംഗ്‌സുകളിലും 250 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്ത് പിടിച്ചുനില്‍ക്കുകയും ചെയ്തു.