കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്ന് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലു നടിമാര്‍ രാജിവെച്ചു.

നടിയെ തട്ടിക്കൊണ്ടുപോയ ഗുഢാലോചന കേസില്‍ വിചാരണ നേരിടുന്ന നടന്‍ ദിലീപിനെ വീണ്ടും സംഘടനയില്‍ തിരിച്ചെടുത്തതില്‍ വ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് രാജി. ആക്രമിക്കപ്പെട്ട നടിയെ കൂടാതെ റീമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് രാജിവെച്ച മറ്റു നടിമാര്‍.

ഇരയും വേട്ടക്കാരനും ഒരേ സംഘടനയില്‍ തുടരേണ്ടതില്ലെന്ന തീരുമാനത്തെ തുടര്‍ന്നാണ് നീക്കമെന്ന് രാജിവെച്ച നടിമാര്‍ പറഞ്ഞു.

എന്നാല്‍ നടി മഞ്ജുവാര്യര്‍ രാജി പ്രഖ്യാപിച്ചിട്ടില്ല. മഞ്ജുവാര്യര്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി അമേരിക്കയില്‍ ആണ്. അതിനാല്‍ ഇവര്‍ കേരളത്തില്‍ തിരിച്ചെത്തിയാല്‍ രാജിവെച്ചേക്കുമെന്നാണ് വിവരം. കൂടുതല്‍ നടിമാര്‍ രാജിവെച്ചേക്കുമെന്നും സൂചനയുണ്ട്.