ന്യൂഡല്‍ഹി: 25 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ അധികാരത്തില്‍ നാല് വര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് കുത്തനെ കൂടിയെന്ന് കണക്കുകള്‍ പറയുന്നു. ഇതോടൊപ്പം നോട്ട് നിരോധനവും ജി.എസ്.ടിയും കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് കനത്ത തിരിച്ചടിയായെന്നാണ് കണക്കുകള്‍ പറയുന്നത്.

ഇന്ത്യയുടെ ജനസംഖ്യ 2011ലെ സെന്‍സസ് പ്രകാരം 121 കോടിയാണ്. ഇതില്‍ 15 മുതല്‍ 59 വരെയുള്ള തൊഴിലെടുക്കാന്‍ പ്രാപ്തരായവര്‍ 86 കോടിയാണ്. ഈ പ്രായത്തില്‍ പെട്ടവരില്‍ 52.88 ശതമാനം മാത്രമാണ് തൊഴില്‍ ചെയ്ത് വരുമാനം നേടുന്നവര്‍. 1.3 കോടി ജനങ്ങള്‍ പ്രതിവര്‍ഷം ഈ പ്രായഘടനയില്‍ നിന്ന് പുറത്ത് കടക്കുന്നു. എന്നാല്‍ പുതുതായി 2.5 കോടി ജനങ്ങള്‍ 15 വയസ് പൂര്‍ത്തിയാക്കി ഈ വിഭാഗത്തിലേക്ക് കയറിപ്പറ്റുന്നു. അതായത് ഫലത്തില്‍ 1.2 കോടി തൊഴിലവസരങ്ങള്‍ പ്രതിവര്‍ഷം പുതുതായി കണ്ടെത്തേണ്ടി വരുന്നു.

കഴിഞ്ഞ ആറ് വര്‍ഷത്തെ കണക്ക് പ്രകാരം 2014ന് ശേഷം തൊഴിലവസരങ്ങള്‍ ഗണ്യമായി കുറയുകയാണ്. 2012ല്‍ 45.15 കോടി ലേബര്‍ ഫോഴ്‌സ് രാജ്യത്തുണ്ടായിരുന്നു. 2014ല്‍ 46.96 കോടിയായി ഉയര്‍ന്നു. മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം തൊഴിലെടുക്കുന്നുവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി. 2018ല്‍ 43.50 കോടിയായി കുറഞ്ഞു. മോദി സര്‍ക്കാര്‍ പ്രതിവര്‍ഷം 2.5 കോടി പുതിയ തൊഴില്‍ ഉറപ്പാക്കിയ സ്ഥാനത്ത് നാല് വര്‍ഷം കൊണ്ട് ഇന്ത്യന്‍ ലേബര്‍ ഫോഴ്‌സില്‍ നിന്ന് 3.46 കോടി പേര്‍ പുറത്തായി.

രാജ്യാന്തര തൊഴില്‍ സംഘടനയുടെ (ഐ.എല്‍.ഒ) റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ മൊത്തം തൊഴില്‍രഹിതരുടെ 9.76 ശതമാനം ഇന്ത്യയിലാണ്. 2017ല്‍ 1.83 കോടി തൊഴില്‍രഹിതരാണ് ലിസ്റ്റില്‍ ഇടം പിടിച്ചത്. ഈ വര്‍ഷം 1.86 കോടി പേര്‍ തൊഴില്‍രഹിതരാകുമെന്നാണ് പ്രവചനം. 2019ല്‍ ഇത് 1.89 കോടിയായി ഉയരുമെന്നും ഐ.എല്‍.ഒ പറയുന്നു.

നോട്ട് നിരോധനത്തില്‍ താറുമാറായ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥക്ക് കനത്ത തിരിച്ചടിയായാണ് ജി.എസ്.ടി എത്തിയത്. രാജ്യത്തെ വ്യവസായ വളര്‍ച്ചയെ മുരടിപ്പിച്ച തീരുമാനങ്ങള്‍ തളര്‍ത്തിയത് തൊഴില്‍മേഖലയെ ആണ്. പഞ്ചാബ്, ഗുജറാത്ത്, ഡല്‍ഹി, മുംബൈ തുടങ്ങിയ വ്യവസായ കേന്ദ്രപ്രദേശങ്ങളില്‍ ഇത് വന്‍ പ്രതിസന്ധിയുണ്ടാക്കിയെന്നും കണക്കുകള്‍ പറയുന്നു.

രാജ്യത്തെ കാര്‍ഷിക മേഖലയും വന്‍ പ്രസിസന്ധിയാണ് നേരിടുന്നത്. രാജ്യവ്യാപകമായി കര്‍ഷകര്‍ സമരത്തിലാണ്. പഞ്ചാബ്, മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലാണ്. പത്ത് വര്‍ഷം മുമ്പ് 54 ശതമാനം പേര്‍ക്ക് തൊഴില്‍ നല്‍കിയിരുന്ന കാര്‍ഷിക മേഖല 2017ല്‍ 43 ശതമാനം പേര്‍ക്ക് മാത്രമാണ് തൊഴില്‍ നല്‍കിയത്.