കോഴിക്കോട്: നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് പഴവര്‍ഗ വിപണിക്ക് കനത്ത തിരിച്ചടി. കഴിഞ്ഞ പത്തു ദിവസത്തിനിടെ 10,000 കോടി രൂപ നഷ്ടമുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 75 ശതമാനവും കച്ചവടം കുറഞ്ഞത് കോഴിക്കോട് ജില്ലയില്‍ നിന്നാണ്.

പ്രതിദിനം സംസ്ഥാനത്തെ പഴവര്‍ഗ വിപണിയില്‍ രണ്ടായിരം കോടിയുടെ വ്യാപാരമാണ് നടക്കുന്നത്. എന്നാല്‍ നിപ്പ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ ഇത് ആയിരം കോടി രൂപയായി കുറഞ്ഞു. ഇതുപ്രകാരം പത്തു ദിവസത്തില്‍ 10,000 കോടിയുടെ നഷ്ടം രേഖപ്പെടുത്തുന്നു.

കഴിഞ്ഞ പത്തു ദിവസത്തിനിടെ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ 25 ശതമാനം കച്ചവടം പോസും നടന്നിട്ടില്ല. ഇതേത്തുടര്‍ന്ന് കേരളത്തിലേക്കെത്തിക്കുന്ന പഴവര്‍ഗങ്ങളുടെ ലോഡ് 200ല്‍ നിന്ന് 100ആയി വെട്ടിചുരുക്കി.

പൊതുവെ റമസാന്‍ വിപണിയില്‍ 4000 കോടിയുടെ കച്ചവടം പ്രതിദിനം നടക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അത് ആയിരത്തില്‍ താഴേക്ക് കുറഞ്ഞത് വ്യാപാരികളെ ആശങ്കപ്പെടുത്തുന്നു.