ആലപ്പുഴ: ചുരിദാര്‍ മാന്യമായ വസ്ത്രമാണെന്നും അത് ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന സ്ത്രീകളെ തടയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ആലപ്പുഴ നഗരസഭ ഗുരുമന്ദിരം വാര്‍ഡില്‍ സ്ത്രീകളുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് കയറിയതിന് എതിര്‍ക്കേണ്ട കാര്യമില്ല. ആക്ഷേപം പറയാന്‍ അവകാശമുണ്ടെങ്കിലും ക്ഷേത്രത്തില്‍ കയറുന്ന സ്ത്രീകളെ തടയാന്‍ ആര്‍ക്കും അവകാശമില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 95 ശതമാനം കുടുംബങ്ങളിലും പ്രശ്‌നങ്ങളൊന്നുമില്ല. അഞ്ചുശതമാനത്തിലെ പ്രശ്‌നങ്ങളാണ് കേരളം മുഴുവനും വലിയ പ്രശ്‌നമാണെന്ന തരത്തില്‍ അവതരിപ്പിക്കപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.