ഗുവാഹത്തി: ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപിച്ച് അസമില്‍ വിലക്കേര്‍പ്പെടുത്തിയിരുന്ന സീരിയല്‍ ബീഗം ജാന്റെ വിലക്ക് ഗുവാഹത്തി ഹൈക്കോടതി നീക്കി. ഹിന്ദു മതവികാരത്തെ മുറിപ്പെടുത്തുന്നു ചൂണ്ടിക്കാട്ടിയാണ് രംഗോണി ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന ബീഗം ജാനിന്റെ സംപ്രേഷണം രണ്ട് മാസത്തേക്ക് വിലക്കിയിരുന്നത്.

ഹിന്ദു ജാഗരണ്‍ മഞ്ച് അടക്കമുള്ള തീവ്ര ഹിന്ദു സംഘങ്ങളുടെ പരാതി പ്രകാരം പൊലീസ് കമ്മിഷണര്‍ മുന്ന പ്രസാദ് ഗുപ്തയാണ് കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് ആക്ട് പ്രകാരം നടപടിയെടുത്തിരുന്നത്.

ലവ് ജിഹാദ് ആരോപണം ആരുടെയോ ഭാവനയാണെന്ന് സീരിയലില്‍ ബീഗം ജാനെ അവതരിപ്പിക്കുന്ന നായിക പ്രീതി കൊങ്കണ വ്യക്തമാക്കിയിരുന്നു.

ഒരു പ്രതിസന്ധി ഘട്ടത്തില്‍ നായികയെ മുസ്‌ലിമായ നായകന്‍ സഹായിക്കുന്നുവെന്നേയുള്ളൂ. എന്നാല്‍ ഹിന്ദു നായിക മുസ്‌ലിം നായകനൊപ്പം ഒളിച്ചോടിയെന്ന വര്‍ഗീയ പ്രചാരണമാണ് നടക്കുന്നത്. സീരിയലില്‍ ഒരു തരത്തിലുമുള്ള വര്‍ഗീയതയുമില്ല. മറിച്ച് മനുഷ്യത്വമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്

പ്രീതി കൊങ്കണ

സീരിയലില്‍ അഭിനയിച്ചതിന്റെ പേരില്‍ താന്‍ ബലാത്സംഗ ഭീഷണി ഉള്‍പ്പെടെയുള്ള സൈബര്‍ ആക്രമണം നേരിടുകയാണെ്ന്ന് പ്രീതി വെളിപ്പെടുത്തിയിരുന്നു.

ഹിന്ദു കക്ഷികളുടെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് രംഗോണി ടിവി മാനേജിങ് ഡയറക്ടര്‍ സഞ്ജീവ് നാരായണ്‍ പറഞ്ഞു. ലവ് ജിഹാദുമായി ബന്ധപ്പെട്ട ഒന്നും ഇതിലില്ല. പ്രശ്‌നത്തില്‍ അകപ്പെട്ട ഹിന്ദു പെണ്‍കുട്ടിയെ ഒരു മുസ്‌ലിം രക്ഷിക്കുകയാണ്. ഇത്തരത്തില്‍ ഒരു നടപടി വരുന്നത് ആദ്യമായാണ്. ഏതെങ്കിലും മതത്തിനെതിരെ സീരിയലില്‍ ഒന്നുമില്ല- അദ്ദേഹം വിശദീകരിച്ചു.