ഗസ്സ: സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ് വെസ്റ്റ് ബാങ്കില്‍ ഇസ്രഈലി സൈനികരെ അടിക്കുകയും തൊഴിക്കുകയും ചെയ്ത ഫലസ്തീന്‍ പെണ്‍കുട്ടി അഹെദ് തമിമി. കോടതിയില്‍ ഹാജരാക്കിയ തമിമിയുടെ ചോദ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
വിചാരണക്കിടെ ജഡ്ജി തമിമിയോട് ചോദിച്ചു. ‘എങ്ങനെയാണ് നീ ഞങ്ങളുടെ സൈനികരെ അടിച്ചത്. ഇതിന് തമിമി നല്‍കിയ മറുപടിയിങ്ങനെ. ‘എന്റെ വിലങ്ങ് അഴിക്ക്, എങ്ങനെയാണെന്ന് ഞാന്‍ കാണിച്ചു തരാം’. വെസ്റ്റ് ബാങ്കില്‍ ഇസ്രഈല്‍ സൈനികരെ അടിക്കുകയും തൊഴിക്കുകയും ചെയ്ത സംഭവത്തിലാണ് തമിമി അറസ്റ്റിലായത്. കഴിഞ്ഞദിവസം തമിമിയുടെ പ്രവൃത്തിയാണ് വൈറലായതെങ്കില്‍ ഇന്ന് കോടതിയില്‍ ജഡ്ജിയുടെ ചോദ്യങ്ങള്‍ക്ക് അവള്‍ നല്‍കിയ ധീരമായ മറുപടിയാണ് ഫലസ്തീന്‍ ജനതക്ക് ആവേശമാകുന്നത്.
ഫലസ്തീന്‍ പ്രക്ഷോഭകരുടെ പ്രകോപനങ്ങളില്‍ തമിമിയെ അവളുടെ കുടുംബം പണയം വക്കുകയാണെന്നാണ് ഇസ്രയേലി അധികൃതരുടെ വാദം. ഇസ്രഈല്‍ സൈനികരെ കയ്യേറ്റം ചെയ്തത് മാത്രമല്ല, കല്ലെറിയല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് തമിമിയെ കോടതിയില്‍ ഹാജരാക്കിയത്. ഫേസ്ബുക്കിലൂടെ മറ്റുള്ളവരെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചുവെന്നതടക്കമുള്ള അഞ്ച് കുറ്റങ്ങളാണ് തമിമിയ്ക്ക് മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്. ഏതായാലും വിചാരണ വേളയുടെ ആദ്യഘട്ടത്തിന് ശേഷം എട്ട് വരെ ഇവരെ കസ്റ്റഡിയില്‍ വക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.