കോട്ടയം: മണര്‍കാടിന് സമീപം അരീപ്പറമ്പില്‍ ലൈംഗികപീഡനം എതിര്‍ത്ത പതിനഞ്ചുകാരിയെ കൊന്ന് കുഴിച്ചൂമൂടി. രണ്ട് ദിവസം മുമ്പാണ് പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മണര്‍കാട് മാലം സ്വദേശി അജീഷ് ആണ് അറസ്റ്റിലായത്. ഇയാള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അരീപ്പറമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന ചെന്നിക്കര ഹോളോ ബ്രിക്‌സ് കമ്പനിയുടെ പിന്നിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ കമ്പനിയിലെ ഡ്രൈവറാണ് പ്രതി അജീഷ്. ഇയാള്‍ മൊബൈല്‍ ഫോണ്‍ വഴിയാണ് പെണ്‍കുട്ടിയുമായി പ്രണയത്തിലായത്. പെണ്‍കുട്ടിയെ അനുനയിപ്പിച്ച് വാഹനത്തില്‍ കയറ്റി ഹോളോബ്രിക്‌സ് ഫാക്ടറിയിലെത്തിച്ച അജീഷ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി എതിര്‍ത്തതിനെ തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.

കൊലപ്പെടുത്തിയ ശേഷം പത്ത് അടി താഴ്ചയുള്ള കുഴിയിലേക്ക് മൃതദേഹം തള്ളിയിടുകയായിരുന്നു. പിന്നീട് പ്രതി കുഴിയിലിറങ്ങി മണ്ണുമാറ്റി മൃതദേഹം കുഴിച്ചിടുകയായിരുന്നു. പ്രതിയെ പൊലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.