അഹമ്മദാബാദ്: രാജ്യത്ത് വീണ്ടും ഞെട്ടിക്കുന്ന ക്രൂരത. ഗുജറാത്തില്‍ ഭിന്നശേഷിക്കാരിയായ പന്ത്രണ്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്തു കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധുവായ 25 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹത്രാസ് പെണ്‍കുട്ടിയുടെ കൊലപാതകത്തിനു ശേഷം ഉത്തര്‍പ്രദേശിലുള്‍പ്പെടെ നിരവധി ബലാത്സംഗക്കൊലകളാണ് നടന്നിട്ടുള്ളത്.

ഗുജറാത്തിലെ ബാനസ്‌കന്ത ജില്ലയിലെ ദീസ എന്ന സ്ഥലത്താണ് സംഭവം. ബൈക്കില്‍ കയറ്റാമെന്ന് പറഞ്ഞ് പ്രതി പെണ്‍കുട്ടിയെ വിജനമായ പ്രദേശത്തേക്ക് കൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. വളരെ ആസൂത്രിതമായാണ് ഇയാള്‍ കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

‘കുട്ടിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി. പ്രതി കുട്ടിയുടെ അടുത്ത ബന്ധുകൂടിയാണ്. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്നും ഡെപ്യൂട്ടി സൂപ്രണ്ട് കുശാല്‍ ഓസ വ്യക്തമാക്കി.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്.

കുട്ടിയുടെ മൃതദേഹം മോട്ടി ഭാഘര്‍ എന്ന സ്ഥലത്ത് നിന്ന് ശനിയാഴ്ചയോടെ കണ്ടെത്തുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ തന്നെ കുട്ടി ക്രൂര ബലാത്സംഗത്തിനിരയായതായി കണ്ടെത്തി. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം അറിയിക്കുമെന്ന് പൊലീസ് പറഞ്ഞു.