തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ സൗഹൃദം നടിച്ച് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ടുപേരെ പൊലീസ് പിടികൂടി. വലിയതുറ സ്റ്റിജോ ഹൗസില്‍ പ്രശോഭ് ജേക്കബ്(34), വലിയതുറ വലിയതോപ്പ് സ്റ്റെല്ലാ ഹൗസില്‍ ജോണ്‍ ബോസ്‌കോ(33) എന്നിവരെയാണ് പേരൂര്‍ക്കട പോലീസ് അറസ്റ്റുചെയ്തത്.

വീട്ടുകാരുമായി പിണങ്ങിയ പെണ്‍കുട്ടി ചെന്നൈയിലേക്കു പോകാന്‍ ഒമ്പതാം തീയതി റെയില്‍വേ സ്റ്റേഷനില്‍ എത്തി. ടിക്കറ്റെടുക്കാന്‍ കാത്തിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ തന്ത്രപരമായി പടിഞ്ഞാറെക്കോട്ടയ്ക്കു സമീപമുള്ള ലോഡ്ജില്‍ കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ചും തമിഴ്‌നാട്ടിലെ ഒരു ലോഡ്ജില്‍വച്ചും പീഡിപ്പിച്ച ശേഷം പ്രതികള്‍ കടന്നുകളഞ്ഞു.

പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിനിയെ ബെംഗളൂരുവില്‍നിന്നും കണ്ടെത്തി. പ്രതികളെ പിടികൂടുന്നതിനായി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ഡോ. ദിവ്യ വി.ഗോപിനാഥിന്റെ നിര്‍ദേശാനുസരണം പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു. പിടിയിലായ പ്രതികളുടെ സുഹൃത്തുക്കളായ മറ്റു നാലുപേര്‍കൂടി പെണ്‍കുട്ടിയെ ബംഗളൂരുവില്‍ വച്ച് പീഡിപ്പിച്ചതായും ഇവരെ പിടികൂടുന്നതിനുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു.