ഹൈദരബാദ്: കോവിഡ് വാക്‌സിന്‍ കുത്തിവപ്പ് നടത്തിയ 42 കാരനായ ആരോഗ്യ പ്രവര്‍ത്തകന്‍ മരിച്ചു. തെലങ്കാനയിലെ നിര്‍മല്‍ ജില്ലയിലാണ് സംഭവം. വാക്‌സിന്‍ സ്വീകരിച്ച് 16 മണിക്കൂറിന് ശേഷമാണ് ഇയാള്‍ മരിച്ചതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നലെ രാവിലെ 11.30നാണ് വാക്‌സിന്റെ ആദ്യ ഡോസ് ഇയാള്‍ സ്വീകരിച്ചത്. തുടര്‍ന്ന് ഇന്ന് പുലര്‍ച്ച രണ്ടര മണിയോടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ചരയോടെ മരിച്ചു.

അതേസമയം, മരണത്തിന് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കോവിസ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ മരിക്കുന്ന മൂന്നാമത്തെ വ്യക്തിയാണിത്. ഉത്തര്‍പ്രദേശ് മൊറാദബാദ് സ്വദേശിയായ 52കാരന്‍ വാക്‌സിന്‍ സ്വീകരിച്ച് ഒരു ദിവസത്തിനുള്ളില്‍ മരിച്ചിരുന്നു. കര്‍ണാടക ബെല്ലേരിയിലെ 43കാരനായ ആരോഗ്യപ്രവര്‍ത്തകനും വാക്‌സിന്‍ സ്വീകരിച്ച് രണ്ടാമത്തെ ദിവസം മരിച്ചു.