ശ്രീനഗര്‍: കാശ്മീര്‍ താഴ്‌വരകളില്‍ നിന്നും പ്രക്ഷോഭങ്ങളെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ പുതുമയുള്ളതല്ല. എന്നാല്‍ പ്രക്ഷോഭങ്ങള്‍ക്ക് പുതിയ സമരമുഖങ്ങള്‍ തുറന്ന് സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ പ്രകടനം. 30 കിലോമീറ്റര്‍ മാത്രം അകലെയുള്ള പുല്‍വാമ കോളേജിലെ വിദ്യാര്‍ഥികളെ സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയതിനെതിരെയാണ് പെണ്‍പട രംഗത്തിറങ്ങിയത്.

സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാപക ആക്ഷേപങ്ങളുയര്‍ത്തിയ കോളേജ് വിദ്യാര്‍ത്ഥികളെ അടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 50ലേറെ വിദ്യാര്‍ത്ഥികള്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്.

പൊലീസിന്റെ അക്രമ നടപടികള്‍ക്കെതിരെ നടത്തിയ പ്രക്ഷോഭത്തിലാണ് കല്ലേറ് നടന്നതെന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. ”ഞങ്ങള്‍ക്കും ആഗ്രഹം പഠിക്കാന്‍ തന്നെയാണ്; അല്ലാതെ സൈനികരെ നേരിടലല്ല. പക്ഷേ, ഒരാളും ഇവിടെ സുരക്ഷിതരല്ലെന്നാണ് അടുത്തിടെ സംഭവിച്ചവ ബോധ്യപ്പെടുത്തുന്നത്.”-വിദ്യാര്‍ഥിനികള്‍ പറഞ്ഞു.

വിദ്യാര്‍ഥികളെ കോളേജില്‍ കേറി അടിച്ചതായാണ് ദൃശ്യങ്ങള്‍ പറയുന്നത്. അതാണ് ഇവരെ പ്രക്ഷോഭത്തിനിറങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് വേണം കരുതാന്‍.

ആണ്‍കുട്ടികളാണോ പെണ്‍കുട്ടികളാണോ എന്ന് ചോദിക്കാന്‍ ഇത് ലിംഗവ്യത്യാസത്തിന്റെ വിഷയമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇവിടെ ടാര്‍ജറ്റ് ചെയ്യപ്പെടുന്നത് എന്നതാണ് വിഷയം- സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ബാബ്ര പറഞ്ഞു.

അതേസമയം, കുട്ടികള്‍ സ്‌കൂള്‍ വിട്ടിറങ്ങി പ്രക്ഷോഭത്തില്‍ പങ്കുചേരുന്നതും കല്ലെറിയുന്നതും ഗൗരവതരമായ വിഷയമായി തന്നെയാണ് പാര്‍ട്ടി കാണുന്നതെന്ന് ബിജെപി വക്താവ് അരുണ്‍ ഗുപ്ത പറഞ്ഞു.

കാശ്മീരിലെ ഭരണകക്ഷി മുന്നണി പാര്‍ട്ടിയായ പിഡിപി സമാധാനശ്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്തു. സമൂഹത്തോടും രക്ഷിതാക്കളോടും ഞങ്ങള്‍ അനിഷ്ട സംഭവങ്ങളുടെ പേരില്‍ മാപ്പുപറയുന്നുവെന്നും പിഡിപി ജനറല്‍ സെക്രട്ടറി നിസാമുദ്ദീന്‍ ഭട്ട് കൂട്ടിച്ചേര്‍ത്തു.