പനാജി: കര്‍ണാടകയില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയ അടവു നയം ഗോവയിലും ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന്റെ ശക്തമായ നീക്കം. മനോഹര്‍ പരീക്കര്‍ സര്‍ക്കാറിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് കരുക്കള്‍ നീക്കിത്തുടങ്ങി. ഇതിന്റെ ഭാഗമായി ഗോവയിലെ ബി.ജെ.പിയുടെ സഖ്യകക്ഷിയുമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ചര്‍ച്ച നടത്തിയതായാണ് പുതിയ റിപ്പോര്‍ട്ട്. കര്‍ണാടകയിലേത് പോലെ മുഖ്യമന്ത്രി പദം സഖ്യകക്ഷികള്‍ക്ക് നല്‍കി ഏതുവിധേനയും ബി.ജെ.പിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തുകയെന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

40അംഗ നിയമസഭയില്‍ 16 എം.എല്‍.എമാരുള്ള കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ നിന്ന് അഞ്ചു എം.എല്‍.എമാരെ അടര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷമാവും. കര്‍ണാടകയില്‍ ജെ.ഡി.എസിന് നല്‍കിയതുപോലെ മൂന്നു എം.എല്‍.എമാരുള്ള എം.ജെ.പിക്ക് മുഖ്യമന്ത്രി പദം നല്‍കാനാണ് തീരുമാനം. ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ എം.ജെ.പി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ മൂന്നു സ്വതന്ത്ര എം.എല്‍.എമാരുമായും കോണ്‍ഗ്രസ് നേതൃത്വം തിരക്കിട്ട ചര്‍ച്ച തുടരുകയാണ്. ഗോവയില്‍ എന്‍.സി.പിക്ക് ഒരു എം.എല്‍.എയുണ്ട് വൈകാതെ ഈ എം.എല്‍.എയുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയേക്കും.അതേസമയം മൂന്നു അംഗങ്ങളുള്ള ഗോവ ഫോര്‍വേഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

കഴിഞ്ഞ രണ്ടുമാസമായി മുഖ്യമന്ത്രി പരീക്കര്‍ ചികിത്സക്കായി അമേരിക്കയിലാണ്. പരീക്കറിന്റെ അസാന്നിധ്യത്തില്‍ സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങള്‍ നോക്കുന്നത് ധവലീക്കര്‍, സര്‍ദേശായി, ഫ്രാന്‍സിസ് ഡിസൂസ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണ്. പരീക്കര്‍ സംസ്ഥാനത്തില്ലാത്ത സാഹചര്യത്തില്‍ ഗോവയില്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയാണ് ആവശ്യമെന്നും ഭരണ പ്രതിസന്ധിയാണ് സംസ്ഥാനത്തുള്ളതെന്നും കോണ്‍ഗ്രസ് പ്രചാരണം തുടങ്ങിയിട്ടുണ്ട്. ഇതോടെ പരീക്കറിന് പകരം മറ്റൊരു മുഖ്യമന്ത്രിയെ നിയോഗിക്കാന്‍ ബി.ജെ.പിക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ട്. അതേസമയം ബി.ജെ.പിക്കല്ല പരീക്കറിനാണ് പിന്തുണയെന്ന് വ്യക്തമാക്കിയാണ് എം.ജെ.പിയും ജി.എഫ്.പിയും മന്ത്രിസഭ രൂപികരിക്കാന്‍ പിന്തുണ പ്രഖ്യാപിച്ചത്. പരീക്കര്‍ മാറിയാല്‍ ഇവര്‍ പിന്തുണ പിന്‍വലിക്കുമെന്ന പേടിയും ബി.ജെ.പി ക്യാമ്പിനുണ്ട്.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ പിന്നോക്കം പോയെങ്കിലും സമയോചിത ഇടപെടലിലൂടെ മന്ത്രിസഭ രൂപികരിക്കാനായതിന്റെ ഊര്‍ജവുമായാണ് കോണ്‍ഗ്രസ് ഗോവയിലും കരുത്തുകാട്ടാന്‍ ഇറങ്ങുന്നത്. അതേസമയം ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും മന്ത്രിസഭ രൂപികരിക്കാനവാതെ രാജിവെച്ചതിന്റെ ക്ഷീണം വിട്ടുമാറും മുമ്പ് ഗോവയിലും അധികാരം നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ് അമിത് ഷായും നരേന്ദ്ര മോദിയും. അങ്ങനെ സംഭവിച്ചാല്‍ അത്, അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്ന വ്യക്തമായ ധാരണ ഇരുവര്‍ക്കുമുണ്ട്.