കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ഇന്ന് പവന് 1800 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില പുതിയ ഉയരം രേഖപ്പെടുത്തി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,19,320 രൂപയായി. ഗ്രാമിന് 225 രൂപയുടെ വര്‍ധനയുണ്ടായതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,915 രൂപയായി. ഡിസംബര്‍ 23നാണ് കേരളത്തില്‍ സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.
തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ സ്വര്‍ണവിലയെ ശക്തമായി സ്വാധീനിക്കുകയാണ്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരതയാണ് വിലക്കുതിപ്പിന് പ്രധാന കാരണം. ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എതിരഭിപ്രായം പ്രകടിപ്പിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം വിപണിയില്‍ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ തിരിയുന്നതാണ് വില തുടര്‍ച്ചയായി ഉയരാന്‍ കാരണം.