ബാംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധത്തില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയിലായി. ആന്ധ്രപ്രദേശ് സ്വദേശിയാണ് പിടിയിലായത്. പിടിയിലായ ആളെ പോലീസ് ഇപ്പോള്‍ ചോദ്യം ചെയ്ത് വരികയാണ്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ഗൗരി ലങ്കേഷ് ബെംഗളൂരുവിലെ രാജേശ്വരി നഗറിലുള്ള വീടിന് മുന്നില്‍ വെടിയേറ്റ് മരിച്ചത്. കടുത്ത സംഘപരിവാര്‍ വിരുദ്ധയായിരുന്നു അവര്‍. കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. നേരത്തെ കൊലയാളിയെക്കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചുവെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. അന്വേഷണം തൃപ്തികരമാണ്. എന്നാല്‍ കൊലയാളിയെക്കുറിച്ചുള്ള വിവരങ്ങള്‍ നിലവില്‍ പുറത്തുവിടാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.