ബംഗളൂരു: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്ന കേസില്‍ അറസ്റ്റിലായ ഹിന്ദു യുവ സേന നേതാവ് കെ.ടി നവീന്‍ കുമാറിന് എഴുത്തുകാരനും യുക്തിവാദിയുമായ കെ.എസ് ഭഗവാനെ വകവരുത്താനുള്ള ക്വട്ടേഷനും ലഭിച്ചിരുന്നതായി പൊലീസ്. ഗൗരി ലങ്കേഷിനെ വകവരുത്തിയതിനു പിന്നില്‍ കാണിച്ച മികവാണ് മറ്റൊരു ക്വട്ടേഷന്‍ നവീന് നല്‍കാന്‍ ഗൂഡാലോചനക്കാരെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. നവീനെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് പൊലീസിന് ഈ വിവരങ്ങള്‍ ലഭിച്ചത്. ഭഗവാനെ കൊല്ലാനാവശ്യമായ തോക്ക് സംഘടിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് കഴിഞ്ഞ മാസം 18ന് നവീന്‍ ബംഗളൂരു പൊലീസിന്റെ പിടിയിലാകുന്നത്. ഗൗരി ലങ്കേഷ് വധത്തില്‍ നവീന്റെ പങ്കാളിത്തം മനസിലാക്കുന്നതിനായി ഇയാളെ നുണ പരിശോധനക്ക് വിധേയനാക്കാനാണ് പൊലീസിന്റെ തീരുമാനം. ഇതിനായുള്ള കോടതിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. ഭഗവാനെ വധിക്കാന്‍ ശ്രമം നടത്തിയതിനും ക്രിമിനല്‍ ഗൂഡാലോചനക്കുമുള്‍പ്പെടെ നവീനെതിരെ കുറ്റം ചുമത്തുമെന്ന് ബംഗളൂരു ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ എം.എന്‍ അനുചേത് അറിയിച്ചു. ഇതനുസരിച്ച് ഇയാളുടെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗൗരി ലങ്കേഷ് വധം, കെ.എസ് ഭഗവാന്‍ വധശ്രമം എന്നിവയിലെ തന്റെ പങ്ക് സംബന്ധിച്ച് കുമാര്‍ സ്വമേധയാ നല്‍കിയ മൊഴി പ്രത്യേക അന്വേഷണ സംഘം സീല്‍ വെച്ച കവറില്‍ ഈ മാസം രണ്ടിന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഗൗരി ലങ്കേഷ് വധത്തിനായി അവരുടെ വീടും പരിസരവും വീക്ഷിക്കുക, ആയുധം സംഘടിപ്പിക്കുക, കൊലപാതകികള്‍ക്കാവശ്യമായ സഹായം നല്‍കുക എന്നീ ജോലികളാണ് തന്നെ ഏല്‍പിച്ചിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ മൊഴി നല്‍കിയിരുന്നു. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ നവീന്‍ കുമാറിനെ 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.