kerala

‘സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വര്‍ധനയ്ക്ക് കര്‍ഷകരുടെ കഴുത്തിന് പിടിക്കുന്നു’; ഭൂനികുതി വര്‍ധനക്കെതിരെ ജോസഫ് പാംബ്ലാനി

By webdesk17

February 09, 2025

സംസ്ഥാന ബജറ്റിലെ ഭൂനികുതി വര്‍ധനക്കെതിരെ തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംബ്ലാനി. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വര്‍ധനയ്ക്ക് കര്‍ഷകരുടെ കഴുത്തിന് പിടിക്കുകയാണെന്ന് പാംപ്ലാനി പറഞ്ഞു. കര്‍ഷകരെ മാനിക്കുന്നില്ലെന്നതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കത്തോലിക്കാ കോണ്‍ഗ്രസ് നേതൃ സംഗമത്തിലായിരുന്നു പാംപ്ലാനിയുടെ വിമര്‍ശനം. കേന്ദ്ര-സംസ്ഥാന ബജറ്റുകളില്‍ മലയോര കര്‍ഷകര്‍ക്ക് ഒന്നും ലഭിക്കുന്നില്ലെന്നും പാംബ്ലാനി പറഞ്ഞു.

കര്‍ഷകന്റെ കൃഷിഭൂമിയുടെ നികുതി വര്‍ധിപ്പിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ ആദായമായി മന്ത്രി കരുതുന്നുവെങ്കില്‍ സര്‍ക്കാര്‍ കര്‍ഷകന്റെ മഹത്വമറിയുന്നില്ലെന്നേ പറയാനുള്ളൂവെന്നും പ്രസംഗത്തിനിടെ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.

സര്‍ക്കാരിന്റെ ഈ സമീപനം തീര്‍ത്തും കര്‍ഷക വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭൂനികുതി സ്ലാബുകളുടെ നിരക്ക് 50 ശതമാനം വര്‍ധിപ്പിച്ചെന്നായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. സര്‍ക്കാര്‍ ഭൂമിയുടെ പാട്ടനിരക്ക് പരിഷ്‌കരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.