Connect with us

Video Stories

വീണിടത്തുരുണ്ട് സര്‍ക്കാര്‍; മണിയെ താങ്ങി പിണറായി

Published

on

ഇയാസ് മുഹമ്മദ്

വീഴ്ചകളും പരാജയങ്ങളും ഒന്നിനു പിറകെ ഒന്നായി പിന്തുടരുകയാണ് ഇടതുസര്‍ക്കാറിനെ. അതിനാല്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിന് പകരം സര്‍ക്കാര്‍ വീണിടത്തു കിടന്നുരുളുകയാണ്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എം.എം മണിയും ചെയ്തതും ഇതുതന്നെ. വീണിടത്ത് കിടന്നുരുണ്ട് സ്വയം ചെളിയഭിഷേകം നടത്തുകയായിരുന്നു മുഖ്യമന്ത്രി. സ്വന്തം ഗോള്‍പോസ്റ്റിലേക്ക് ഗോള്‍ പായിച്ച്, പരിക്ഷീണനായി നില്‍ക്കുന്ന മന്ത്രി മണിയെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രി കാട്ടിയ അസാമാന്യ ധൈര്യം കണ്ട് ഭരണപക്ഷ ബഞ്ചിലുള്ളവര്‍ പോലും അന്തംവിട്ടു. എങ്ങനെ അന്തം വിടാതിരിക്കും. ഗീബല്‍സ് പോലും തോറ്റുപോകുന്ന ന്യായീകരണമാണ് മുഖ്യമന്ത്രി നടത്തിയത്.
മന്ത്രി എം.എം മണി രാജിവെക്കണമെന്ന ആവശ്യം കാര്യകാരണ സഹിതമാണ് പ്രതിപക്ഷം ഇന്നലെ സഭയില്‍ ഉന്നയിച്ചത്. മുമ്പ് രണ്ട് മന്ത്രിമാര്‍ രാജിവെച്ചതിനേക്കാള്‍ തീവ്രവും, അസാധാരണവുമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് വളരെ വ്യക്തമായി അടിയന്തര പ്രമേയം അവതരിപ്പിച്ച തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാല്‍ സര്‍ക്കാറിനെ സംബന്ധിച്ച് പെട്ടെന്ന് ഒരു മന്ത്രിയുടെ രാജി കൂടി അസഹ്യമാണ്. എട്ട് മാസത്തിനിടെ രണ്ട് മന്ത്രിമാര്‍ രാജിവെച്ചൊഴിയേണ്ടി വന്നതിലെ ക്ഷീണം സര്‍ക്കാറിന് ഇനിയും തീര്‍ന്നിട്ടില്ല. മണിക്ക് മണി കെട്ടാന്‍ ഒരുങ്ങി പുറപ്പെട്ടാണ് ഇന്നലെ പ്രതിപക്ഷം സഭയില്‍ എത്തിയത്. പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ എം.എം മണി നടത്തിയ മോശം പരാമര്‍ശം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തിര പ്രമേയം അവതരിപ്പിച്ചത്. സ്ത്രീകളെ അധിക്ഷേപിച്ച് മന്ത്രി മണി പ്രസംഗിക്കുന്നത് ഇത് ആദ്യതവണയല്ലെന്ന് തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി. പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ പരാമര്‍ശം മാത്രമല്ല, ജിഷ്ണു പ്രണോയിയുടെ അമ്മമഹിജക്കെതിരെ മോശം പരാമര്‍ശം നടത്തിയിട്ടുള്ളയാളാണ് മണി. മകന്‍ നഷ്ടപ്പെട്ട അമ്മയെപ്പോലും മോശമായി പറയുന്ന മണി പ്രാകൃതനാണ്.മണിയുടേത് നാടന്‍ ശൈലിയാണെന്ന് പറഞ്ഞ് ഇടുക്കിക്കാരെ മുഴൂവന്‍ അപമാനിക്കരുത്. മാത്രമല്ല, ആരെ ഊളമ്പാറയിലേക്ക് അയച്ചാലും മണിയെ അയക്കരുതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.തൊടുന്യായമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സഭക്ക് പുറത്ത് മണിയെ തള്ളിയ പിണറായി സഭയില്‍ പക്ഷേ മലക്കംമറിഞ്ഞു. മണിയുടെ സംസാരം ഗ്രാമീണ ശൈലിയെന്ന പതിവ് പ്രതിരോധമാണ് മുഖ്യമന്ത്രി നടത്തിയത്. ഇടുക്കിയിലെ എല്ലാ കാര്യങ്ങളും അറിയാവുന്ന ആളാണ് മണി. ആ നാടിന്റെ ശൈലി അദ്ദേഹത്തിന്റെ സംസാരത്തില്‍ കടന്നുവരാറുണ്ട്. ചില മാധ്യമങ്ങള്‍ മണിയുടെ പ്രസംഗം വളച്ചൊടിക്കുകയായിരുന്നുവെന്ന് മണിയെ മുഖ്യമന്ത്രി ന്യായീകരിച്ചു. മണി പറഞ്ഞതെല്ലാം ശരിയെന്ന് മുഖ്യമന്ത്രി സമ്മതിക്കുകയായിരുന്നു മറുപടിയിലൂടെ.
മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ മണിക്ക് വിശദീകരണത്തിന് അവസരം നല്‍കാന്‍ സ്പീക്കര്‍ മുതിര്‍ന്നത് പ്രതിപക്ഷം എതിര്‍ത്തു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ ഇ.എം.എസിന്റെ പാര്‍ട്ടിയല്ല, മറിച്ച് എം.എം മണിയുടെ പാര്‍ട്ടിയായി മാറിയെന്ന് തുടര്‍ന്നു സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇ.പി ജയരാജന്റെയും ശശീന്ദ്രന്റെയും വിഷയത്തിലുണ്ടായ ഗൗരവം മണിയുടെ കാര്യത്തില്‍ മുഖ്യമന്ത്രിക്ക് ഇല്ല. എം.എം മണിക്ക് എന്തുവേണേലും പറയാം. പക്ഷേ ഒരു മന്ത്രി പറയരുത്. മണി സ്ത്രീത്വത്തെ അപമാനിച്ചതു എല്ലാവര്‍ക്കും ബോധ്യമായിട്ടും മുഖ്യമന്ത്രിക്ക് ബോധ്യമായിട്ടില്ല. ബോധ്യമാകാത്തത് മുഖ്യമന്ത്രിക്ക് മാത്രമാണ്. മണിയുടെ പ്രസ്താവനയെ സഭ ഒറ്റക്കെട്ടായി അപലപിക്കണം. അദ്ദേഹം രാജിവെച്ചില്ലെങ്കില്‍ പുറത്താക്കണം- ചെന്നിത്തല പറഞ്ഞു.
മണിയുടെ വിശദീകരണം ഇങ്ങനെയായിരുന്നു: ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് എന്നോട് വിരോധമുണ്ട്. സ്ത്രീയെന്ന വാക്കോ, ഏതെങ്കിലും സ്ത്രീകളുടെ പേരോ പ്രസംഗത്തില്‍ പറഞ്ഞിട്ടില്ല. പെമ്പിളൈ ഒരുമൈ സംഘടനക്കാരല്ല ഇപ്പോള്‍ മൂന്നാറില്‍ സമരം നടത്തുന്നത്. പ്രൊഫസര്‍മാരുടെ ഭാഷയില്‍ എനിക്ക് സംസാരിക്കാനാകില്ല. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ ചുവടു പിടിച്ചായിരുന്നു മണിയുടെ വിശദീകരണം. ഈ വിഷയത്തില്‍ നടപടിയെടുക്കാതെ സഭാപ്രവര്‍ത്തനങ്ങളുമായി സഹകരിക്കില്ലെന്നാണ് പ്രതിപക്ഷ തീരുമാനം. സര്‍ക്കാര്‍ വെട്ടിലാകുന്ന നിരവധി വിഷയങ്ങളാണ് മുന്നില്‍. മൂന്നാര്‍ കയ്യേറ്റവും മന്ത്രി മണിയുടെ അസഭ്യചുവയുള്ള പ്രസംഗവും ഒരു വിഷയം മാത്രമാണ്. സെന്‍കുമാര്‍ വിഷയത്തില്‍ സര്‍ക്കാരിനേറ്റ പരാജയം സര്‍ക്കാറിനെ അലട്ടുന്നുണ്ട്. സര്‍ക്കാറും പ്രതിപക്ഷവും കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ഇന്നലത്തെ നാവു പിഴകള്‍. പാപ്പാത്തി ചോലയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചപ്പാത്തി ചോലയാക്കിയപ്പോള്‍ തിരുവഞ്ചൂരിനെ പെമ്പിളൈ ഒരുമൈ എന്ന സംഘടന വല്ലാതെ ബുദ്ധിമുട്ടിച്ചു. രാജി എന്ന വാക്ക് നിരവധി തവണ കേട്ടതു കൊണ്ടാകാം സഭയില്‍ നിന്ന് കെ.എം മാണിയും അദ്ദേഹത്തിന്റെ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയും രാജിവെച്ചത്. കുറച്ചുനേരം സഭക്ക് തന്നെ ഒന്നും മനസ്സിലായില്ല. ഒടുവില്‍ സ്പീക്കര്‍ രാജിവെക്കുകയാണോയെന്ന് മാണിയോട് ചോദിച്ചിരുന്നില്ലെങ്കില്‍ ഒരുപക്ഷേ അത് നിയമപ്രശ്‌നമായേനെ. നിരവധി തവണ നിയമവകുപ്പ് കൈകാര്യം ചെയ്ത പരിചയം ഉണ്ടെങ്കിലും പൊല്ലാപ്പ് വന്നാല്‍ വഴിയില്‍ തങ്ങില്ല. നാക്ക് പിഴ കൊണ്ട് സമ്പന്നമായ ദിനത്തില്‍ കളിയും കാര്യവും വല്ലാതെ ഇഴചേര്‍ന്നാണ് സഭയെ നയിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

Video Stories

വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി

വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…

Published

on

ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.

അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.

ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.

 

Continue Reading

Video Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…

Published

on

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.

അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.

എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Trending