അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്തി പിടിച്ചുനിന്നെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മനാട്ടില്‍ ബി.ജെ.പി പരാജയപ്പെട്ടു. മോദിയുടെ ജന്മനാട് ഉള്‍കൊള്ളുന്ന വഡ്‌നഗര്‍ ജില്ലയിലെ ഉന്‍ജ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ആശാ പട്ടേല്‍ ആണ് വിജയിച്ചത്. അതും 19,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന്.

2012ലെ നിയസമഭാ തെരഞ്ഞെടുപ്പില്‍ ആശാ പട്ടേലിനെ 25,000 വോട്ടിന്റെ മാര്‍ജിനില്‍ പരാജയപ്പെടുത്തിയ ബി.ജെ.പിയുടെ സിറ്റിങ് എം.എല്‍.എ നാരായണ്‍ പട്ടേല്‍ ആണ് ഇത്തവണ ദയനീയ തോല്‍വി ഏറ്റുവാങ്ങിയത്.

ഗുജറാത്തില്‍ നില മെച്ചപ്പെടുത്തിയ കോണ്‍ഗ്രസ് വോട്ടുശതമാനത്തിലും വന്‍ മുന്നേറ്റമാണ് നടത്തിയത്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ലീഡ് നേടി മുന്നേറിയ കോണ്‍ഗ്രസില്‍ നിന്നും പിന്നീട് ബിജെപി തിരിച്ചുപിടിക്കുകയായിരുന്നു.

സ്വന്തം തട്ടകമായ ഗുജറാത്തിലെ ജനവിധിയുടെ ഫലം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മോടി കുറക്കുന്നതായി. വലിയൊരു ഇടവേളക്കു ശേഷം ഗുജറാത്തിലും അതുവഴി ഇന്ത്യന്‍ രാഷ്ട്രീയത്തിലും തിരിച്ചുവരവിന് വഴിയൊരുന്നതായി രാഹുല്‍ ഗാന്ധിയുടേയും അതുവഴി കോണ്‍ഗ്രസിന്റെയും മുന്നേറ്റം.

ഹിമാചല്‍ പ്രദേശില്‍ അധികാരം നഷ്ടമായത് കോണ്‍ഗ്രസിന് തിരിച്ചടിയായി. ആകെയുള്ള 68 അംഗ നിയമസഭയില്‍ 44 സീറ്റുകള്‍ നേടിയാണ് ബിജെപിയുടെ മുന്നേറ്റം. ബി.ജെ.പിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിരുന്നത്. ഹിമാചലില്‍ കോണ്‍ഗ്രസിന് 21 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. മറ്റുള്ളവര്‍ മൂന്ന് സീറ്റും നേടി.

അതേസമയം ഗുജറാത്തില്‍ എക്‌സിറ്റ് പോളുകളെ മറികടക്കുന്ന പ്രകടനമാണ് രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയത്. ബി.ജെ.പിക്ക് ഭരണത്തുടര്‍ച്ചയും വന്‍ വിജയവും പ്രവചിച്ചപ്പോള്‍ സീറ്റ് നില നൂറിന് താഴെ പിടിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസിനായി.