main stories
പാര്‍ലമെന്റില്‍ ഉത്തരംമുട്ടുന്ന സര്‍ക്കാര്‍
EDITORIAL
രാജ്യം നേരിടുന്ന ഗുരുതരവിഷയങ്ങളെയൊന്നും അഭിസംബോധന ചെയ്യാതെ പാര്‍ലമെന്റിന്റെ വിലപ്പെട്ട നിമിഷങ്ങളെ വിവാദങ്ങളിലേക്ക് തള്ളിവിട്ട് ധ്രുവീകരണ രാഷ്ട്രീയത്തെ ശക്തിപ്പെടുത്താനുള്ള ബി.ജെ.പിയുടെ ഹിഡണ്‍ അജണ്ടക്ക് ശക്തമായ തിരിച്ചടികിട്ടിക്കൊണ്ടിരിക്കുന്നതിനാണ് ഇത്തവണത്തെ സമ്മേളനം സാക്ഷ്യംവഹിക്കുന്നത്. എം.പിമാരുടെ ചോദ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമൊന്നും കൃത്യമായി ഉത്തരം നല്‍കാതെ വാചാടോപങ്ങള്‍ക്കൊണ്ടും അംഗവിക്ഷേപങ്ങള്‍ക്കൊണ്ടും രക്ഷപ്പെടാറുള്ള പ്രധാനമന്ത്രിക്കും സംഘത്തിനും ഇത്തവണ അതിന് സാധിക്കുന്നില്ലെന്നുമാത്രമല്ല, പ്രതിപക്ഷത്തിന്റെ ക്യത്യമായ മുന്നൊരുക്കത്തോടെയുള്ള ആക്രമണങ്ങളില്‍ അടിപതറുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിയുന്നതും. ഇതുവരെയുള്ള ദിവസങ്ങളില്‍ ചര്‍ച്ച ചെയ്ത വന്ദേമാതരം, വോട്ട് ചോരി വിഷയങ്ങളില്‍ ഇത് കൃത്യമായി ബോധ്യമായിരിക്കുകയാണ്. വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന ചര്‍ച്ചയില്‍ ഓര്‍ക്കാപ്പുറത്തുള്ള അടിയാണ് പ്രധാനമന്ത്രിക്ക് സഭയില്‍ ലഭിച്ചത്. ചരിത്രത്തെ വളച്ചൊടിച്ച് അബദ്ധജടിലമായ പരാമര്‍ശവുമായായിരുന്നു മോദി കളംനിറഞ്ഞത്. സര്‍വേന്ത്യാ മുസ്ലിംലീഗ് നേതാവ് മുഹമ്മദലി ജിന്നയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് 1937 ല്‍ ജവഹര്‍ലാല്‍ നെഹ്റു വന്ദേമാതരത്തിലെ ചില സുപ്രധാന വരികള്‍ ഒഴിവാക്കിയതെന്നായിരുന്നു മോദിയുടെ പരാമര്‍ശം. കോണ്‍ഗ്രസ് മുസ്ലിംലീഗ് ബന്ധത്തിലുള്ള അസഹിഷ്ണുത പ്രകടിപ്പിച്ച് ഐ.എന്‍.സി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) ഇപ്പോള്‍ എം.എം.സി (മുസ്ലിംലീഗ് മാവോവാദി കോണ്‍ഗ്രസ്) ആയി മാറി എന്നുള്ള പതിവ് പരിഹാസ ശൈലിയും അദ്ദേഹം പുറത്തെടുക്കുകയുണ്ടായി. എന്നാല്‍ വയനാട്ടില്‍ നിന്നുള്ള അംഗംകൂടിയായ പ്രിയങ്കാ ഗാന്ധി ഉരുളക്കുപ്പേരി കണക്കെ നല്കിയ മറുപടിയില്‍ പ്രധാനമന്ത്രിയുടെ എല്ലാ നുണപ്രചാരണങ്ങളും ചീട്ടുകൊട്ടാരംപോലെ തകര്‍ന്നു വീഴുന്നതാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. വന്ദേമാതരം ചര്‍ച്ച ഇപ്പോള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന്റെ കാരണം ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനാണെന്ന ആരോപണത്തോടെ സംസാരം തുടങ്ങിയ അവര്‍, മോദി നല്ല പ്രാസംഗികനാണ്, പക്ഷേ വസ്തുതകള്‍ പറയുന്നതില്‍ ദുര്‍ബലനാണെന്ന പരാമര്‍ശത്തോടെ അതേനാണയത്തിലാണ് മറുപടി നല്‍കിയത്. വര്‍ത്തമാന യാഥാര്‍ത്ഥ്യം മറച്ചുവെക്കാനും ശ്രദ്ധതിരിക്കാനുമാണ് ഈ ചര്‍ച്ചയെന്നും പ്രിയങ്ക ആരോപിക്കുകയുണ്ടായി.
മുസ്ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇടി മുഹമ്മദ് ബഷീറും ചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ട് പ്രധാനമന്ത്രിയുടെ വാദമുഖങ്ങലിലെ വസ്തുതാവിരുദ്ധതയും തുറന്നുകാണിക്കുകയുണ്ടായി. തൊഴിലില്ലായ്മ, അവസര സമത്വം, വര്‍ഗീയ വിദ്വേഷങ്ങള്‍ തുടങ്ങി രാജ്യം നേരിടുന്ന ഗുരുതര പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ളതാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് വ്യക്തമാക്കിയ അദ്ദേഹം, 1937 ഒക്ടോബര്‍ 26ന് രബീന്ദ്രനാഥ് ടാഗോര്‍ കോണ്‍ഗ്രസ് കമ്മിറ്റിക്ക് നല്കിയ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍, ഗാനത്തിന്റെ ആദ്യ രണ്ട് ഖണ്ഡങ്ങള്‍ മാത്രം ആലപിക്കണമെന്നും, ആരെയും മുഴുവന്‍ ഗാനം ആലപിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും തീരുമാനമുണ്ടായതായും പിന്നീട് ഡോ. രാജേന്ദ്ര പ്രസാദിന്റെ നേത്യത്വത്തില്‍ ഈ നിലപാട് അംഗീകരിക്കപ്പെടുകയും ഇന്നും അതേ രീതി പിന്തുടരുകയാണെന്നും വ്യക്തമാക്കുകയുണ്ടായി. ഇന്നലെ സര്‍ക്കാറിനെ പൊളിച്ചടുക്കുന്ന ഉത്തരവാദിത്തം പ്രതിപക്ഷ നേതാവാണ് ഏറ്റെടുത്തത്. തിരഞ്ഞെടുപ്പ് കമ്മീഷന്, യൂണിവേഴ്സിറ്റികള്‍, നിയമ, അന്വേഷണ ഏജന്‍സികള്‍ തുടങ്ങി രാജ്യത്തെ സ്ഥാനപനങ്ങളെ മുഴുവന്‍ ആര്.എസ്.എസ് പിടിച്ചെടുക്കുകയാണെന്നും രാജ്യത്തിന്റെ ഘടനയെ മാറ്റുകയാണെന്നുമായിരുന്നു രാഹുലിന്റെ ഗുരുതര ആരോപണം. വോട്ട് മോഷണത്തേക്കാളും വലിയ രാജ്യ വിരുദ്ധ പ്രവര്‍ത്തനം വേറെയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ടി.എം.സി എം.പി കല്യാണ്‍ ബാനര്‍ജിയും പ്രധാനമന്ത്രിക്ക് കണക്കിന് കൊടുക്കുകയുണ്ടായി. ‘ബിഹാറില്‍ മോദി പറഞ്ഞു. നുഴഞ്ഞു കയറ്റക്കാര്‍, നുഴഞ്ഞു കയറ്റക്കാര്‍ എന്ന്. എല്ലാ നുഴഞ്ഞു കയറ്റക്കാരെയും പുറത്താക്കുമെന്ന് പ്രഖ്യാപിച്ചു. നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാന്‍ എ സ്.ഐ.ആര് നടപ്പിലാക്കുമെന്ന് മോദി പ്രസംഗിച്ചു നടന്നു. എന്നിട്ട് ഒരു നുഴഞ്ഞു കയറ്റക്കാരനെ പോലും കണ്ടെത്താനായില്ല. കുഴപ്പം മുഴുവന്‍ ആഭ്യന്തര മന്ത്രിക്കും പ്രധാനമന്ത്രിക്കുമാണ് എന്ന അദ്ദേഹത്തിന്റെ പരാമര്‍ശം മോദിയെ അനുകരിച്ചു കൊണ്ട് തന്നെയായിരുന്നു. കോണ്‍ഗ്രസ് അ ധ്യക്ഷന് മല്ലിഗാര്‍ജ്ജുന ഖാര്‍ഗെയില്‍ നിന്നും പ്രധാനമ ന്ത്രിക്ക് കണക്കിന് കിട്ടി. നിസ്സഹകരണ സമരകാലത്ത് വന്ദേമാതരം ആലപിച്ച് കോണ്‍ഗ്രസുകാര്‍ ജയിലില്‍ പോയപ്പോള്‍ അമിത്ഷായുടെ ആളുകള്‍ ബി.ജെ.പിക്കൊപ്പമായിരുന്നെന്നും നിങ്ങള്‍ രാജ്യസ്നേഹത്തെ പേടിച്ച് ബ്രിട്ടിഷുകാര്‍ക്ക് പാദസേവ ചെയ്തവരാണ് എന്ന ഓര്‍മപ്പെടുത്തലുമായിരുന്നു അദ്ദേഹത്തില്‍ നിന്നുണ്ടായത്. ഏതായാലും ജനകീയ പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ വിവാദ വിഷയങ്ങള്‍ക്ക് പിന്നാലെ പോയ സര്‍ക്കാറിന് അവിടെയും രക്ഷപ്പെടാന്‍ കഴിയാത്ത സാഹചര്യത്തിനാണ് ഈ സമ്മേളനം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്.
kerala
നിഷേധിക്കാനാവാത്ത തെളിവുകള്‍; ദിലീപിന്റെ വിധിയെന്തായിരിക്കും?
കേസില്‍ അറസ്റ്റിലായ ദിലീപ് 85 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് പുറത്തിറങ്ങിയത്.
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച ശേഷം ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍, ഗൂഢാലോചന നടത്തിയത് നടന് ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന് വാദം. കേസില്‍ അറസ്റ്റിലായ ദിലീപ് 85 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് പുറത്തിറങ്ങിയത്.
മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തി എന്നതാണ് ദിലീപിനെതിരെ ചുമത്തിയ പ്രധാന കുറ്റം. ഇതിന് പള്‍സര്‍ സുനിക്ക് കൊട്ടേഷന്‍ കൊടുത്തത് ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന് വാദം. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, ക്രിമിനല്‍ ഭീഷണി തുടങ്ങിയ വകുപ്പുകളും ചുമത്തി.
കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചു എന്ന വകുപ്പും കുറ്റകൃത്യം ചെയ്യാനുള്ള പദ്ധതി മറച്ചു വെക്കലും, ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതിന്റെ മറ്റു ചില ആരോപണങ്ങളും ദിലീപിനെതിരെ പ്രോസിക്യൂഷന് ചുമത്തി. കൂടാതെ ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കാത്തതിന് തെളിവ് നശിപ്പിക്കല്‍ കുറ്റവും ചുമത്തിയിട്ടുണ്ട്.
ഏറ്റവും ഒടുവില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കുറ്റവും ദിലീപിനെതിരെയുണ്ട്. ആലുവ പാലസില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ നിഷേധിക്കാനാവാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപ് 2017 ജൂലൈ പത്തിന് അറസ്റ്റിലാകുന്നത്. 85 ദിവസത്തിനു ശേഷം ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച ശേഷമാണ് ദിലീപ് ജയില്‍ മോചിതനായത്.
എട്ട് വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിധി കാത്ത് കേരളം. ജഡ്ജി ഹണി എം.വര്‍ഗീസും നടന് ദിലീപും കോടതിയിലെത്തി. നടന് ദിലീപ് എട്ടാംപ്രതിയായ കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് ഹണി എം.വര്‍ഗീസാണ് വിധി പറയുന്നത്. കൂട്ടബലാല്‍സംഗം, ക്രിമിനല്‍ ഗൂഡാലോചന, തെളിവുനശിപ്പിക്കലടക്കം പരമാവധി ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. നടിയെ ലൈംഗികമായി ആക്രമിച്ച് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാംപ്രതി. 2017 ഫെബ്രുവരി പതിനേഴിനാണ് നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടത്.
നടന് ദിലീപ് അടക്കം പത്ത് പ്രതികളാണ് കേസില്‍ വിചാരണ നേരിട്ടത്. രാവിലെ 11 മണി മുതല്‍ കോടതി നടപടികള്‍ ആരംഭിക്കും. ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തിവിരോധത്താല്‍ ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്കി എന്നാണ് ദിലീപിനെതിരായ കേസ്. ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ പള്‍സര്‍ സുനി ഒന്നാം പ്രതിയാണ്. പ്രതികള്‍ക്കെതിരെ പീഡനശ്രമം, തട്ടിക്കൊണ്ടു പോകല്‍, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, ബലപ്രയോഗത്തിലൂടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
2017 ഫെബ്രുവരി 17 നാണ് കേസിനാസ്പദമായ സംഭവം. തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന നടിയെ അങ്കമാലി അത്താണിക്കു സമീപം കാര്‍ തടഞ്ഞു അക്രമിക്കുകയും വിഡിയോ പകര്‍ത്തുകയും ചെയ്തു എന്നാണ് കേസ്. പള്‍സര്‍ സുനി, മാര്ട്ടിന് ആന്റണി, ബി. മണികണ്ഠന്, വി.പി വിജേഷ്, എച്ച് സലീം എന്ന വടിവാള്‍ സലിം, പ്രദീപ്, ചാര്‍ളി തോമസ്, നടന് ദിലീപ്, സനില്‍കുമാര്‍ എന്ന മേസ്ത്രി സനില്‍, ശരത് ജി നായര്‍ എന്നിവരാണ് കേസില്‍ പ്രതികള്‍. ദിലീപടക്കം കേസിലെ പത്ത് പ്രതികളും ഇന്ന് കോടതിയില്‍ ഹാജരാകും. വിധി പറയുന്നതിന്റെ ഭാഗമായി കോടതിയില്‍ പൊലീസ് സുരക്ഷ ശക്തമാക്കും. കോടതി പരിസരത്തേക്ക് പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും പ്രവേശനം നിയന്ത്രിക്കും. 2018ല്‍ ആരംഭിച്ച വിചാരണ നടപടികള്‍ കഴിഞ്ഞമാസം 25നാണ് പൂര്‍ത്തിയായത്.
kerala
തെക്കന്‍ തദ്ദേശപ്പോര്; ആവേശക്കൊടുമുടിയേറി കലാശക്കൊട്ട്, പരസ്യപ്രചാരണം അവസാനിച്ചു
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് പരസ്യപ്രചാരണം അവസാനിച്ചത്.
ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളില്‍ പരസ്യ പ്രചാരണം ഇന്ന് ആവേശം നിറഞ്ഞ കലാശക്കൊട്ടോടുകൂടി അവസാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് പരസ്യപ്രചാരണം അവസാനിച്ചത്. ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ പ്രമുഖ നേതാക്കള്‍ കലാശക്കൊട്ടിന് നേതൃത്വം നല്കി. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് അവസാനിച്ചത്. നാളെ നിശബ്ദ പ്രചാരണത്തിനു ശേഷം 9നാണ് വോട്ടെടുപ്പ്.
കൊട്ടിക്കലാശം നടന്ന ജില്ലകളില്‍ സംഘര്‍ഷം ഒഴിവാക്കുന്നതിനായി വിവിധ സ്ഥലങ്ങളില്‍ പൊലീസിനെ നിയോഗിച്ചിരുന്നു. സംസ്ഥാനത്ത് വോട്ടെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന് അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിലാണ് ചൊവ്വാഴ്ച്ച ഏഴ് ജില്ലകളില്‍ വോട്ടെടുപ്പ് നടക്കുക. ബാക്കി കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ ഡിസംബര്‍ 11നാണ് വോട്ടെടുപ്പ്. ഒന്‍പതിന് പരസ്യപ്രചാരണം അവസാനിക്കും.
-
india2 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala15 hours ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india1 day ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala2 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
editorial3 days agoമുന്നാ ഭായ് ഫ്രം സി.പി.എം
-
kerala1 day agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
-
Sports2 days ago2026 ഫിഫ ലോകകപ്പ് ഫിക്സ്ച്ചര്‍; മത്സരങ്ങള്‍ 104
-
india14 hours agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി

