കൊച്ചി: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും ദുരിതബാധിതരെ നേരില്‍ കാണുന്നതിനുമായി രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ഇന്ന് കേരളത്തിലെത്തും. രാവിലെ 11 .20 ന് നെടുമ്പാശേരിയിലെത്തുന്ന അദ്ദേഹം 11.45 ന് കീഴ്മാട് കുട്ടമശ്ശേരി സര്‍ക്കാര്‍ സ്‌കൂള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് ആലുവ പാലസില്‍ വിശ്രമിച്ച ശേഷം മൂന്ന് മണിക്ക് കുന്നുകരയില്‍ പള്ളിമേട തകര്‍ന്ന സ്ഥലവും ഇതിനു സമീപം തകര്‍ന്ന വീടുകളും സന്ദര്‍ശിക്കും. വൈകിട്ട് അഞ്ച് മണിയോടെ ചേന്ദമംഗലം കുറുമ്പത്തുരുത്തില്‍ തകര്‍ന്ന വീടുകളും ദുരിതബാധിത പ്രദേശങ്ങളും സന്ദര്‍ശിച്ച ശേഷം എറണാകുളം ഗസ്റ്റ് ഹൗസില്‍ രാത്രി തങ്ങും.

നാളെ (ശനിയാഴ്ച) രാവിലെ എട്ടരക്ക് കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക് തിരിക്കും. പതിനൊന്നരക്ക് മലപ്പുറം കൊണ്ടോട്ടിയില്‍ ചെറുകാവില്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഉച്ചക്ക് ഒരു മണിക്ക് മലപ്പുറം ഉറുങ്ങാട്ടറിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം വൈകിട്ട് മൂന്ന് മണിക്ക് നിലമ്പൂരിലെ ചാലിയാറില്‍ ദുരിതബാധിതരെ നേരില്‍ കാണും. ഞായറാഴ്ച രാവിലെ 8. 40 ന് ബംഗളൂരു വഴി ഡല്‍ഹിക്ക് മടങ്ങും.