അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : ഇക്കൊല്ലത്തെ വിശുദ്ധ ഹജ്ജ് കർമത്തിന് വിദേശ തീര്ഥാടകർക്ക് അവസരമുണ്ടാകില്ലെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം. അറുപതിനായിരം ആഭ്യന്തര ഹാജിമാർക്ക് മാത്രമായിരിക്കും ഇത്തവണ ഹജ്ജ് ചെയ്യാനുള്ള അനുമതിയെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ തീര്ഥാടകരിൽ സഊദിയിൽ ഇഖാമയുള്ള വിദേശികളെയും ഉപ്പെടുത്തും. 18നും 60നും ഇടയിൽ വയസുള്ളവർക്കാണ് ഇത്തവണ ഹജ്ജിന് അവസരം നൽകുക. ഇവർ കോവിഡ് വാക്സിൻ രണ്ട് ഡോസ് എടുത്തവരോ ആദ്യ ഡോസ് എടുത്ത് 14 ദിവസം പിന്നിട്ടവരോ ആകണം. ഓൺലൈൻ വഴിയാണ് ആഭ്യന്തര ഹാജിമാർ അപേക്ഷിക്കേണ്ടത്. കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് വിശ്വാസി ലോകം കാത്തിരുന്ന നിർണ്ണായക തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു .

രണ്ടാം വർഷമാണ് വിദേശ ഹാജിമാരില്ലാത്ത ഹജ്ജ് കർമം നടക്കാൻ പോകുന്നത് . സഊദിയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കഴിഞ്ഞ വര്ഷം ആയിരത്തോളം ആഭ്യന്തര ഹാജിമാർക്ക് അവസരം നൽകി ഹജ്ജ് കർമം നിർവഹിച്ചിരുന്നു. നേരത്തെ പരിമിതമായ വിദേശ തീർത്ഥാടകർക്ക് അനുമതി ലഭിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചു കൊണ്ട് വിദേശത്ത് നിന്നും എണ്ണപ്പെട്ട തീർത്ഥാടകർക്ക് പുണ്യകർമ്മം നിർവഹിക്കാനായുള്ള സാധ്യതയെ കുറിച്ച് ഹജ്ജ്, ആരോഗ്യ , ആഭ്യന്തര മന്ത്രാലയങ്ങൾ ഗൗരവമായി ആലോചന നടത്തിയിരുന്നു . ആഗോളതലത്തിലുള്ള വിശ്വാസി സമൂഹത്തിന് ഹജ്ജ് കർമം നിർവഹിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാൻ രാജ്യം എക്കാലവും പ്രതിജ്ഞാബദ്ധമാണെന്ന് സഊദി ഹജ്ജ് മന്ത്രാലയം നേരത്തെ ആവർത്തിച്ച് പറഞ്ഞിരുന്നു. എന്നാൽ രാജ്യത്തെ കോവിഡ് സ്ഥിതിയും തീര്ഥാടകരെത്തുന്ന രാജ്യങ്ങളിലെ കോവിഡ് വ്യാപനവും വിലയിരുത്തിയാകും അന്തിമ തീരുമാനമെന്നും നേരത്തെ തന്നെ സഊദി മന്ത്രാലയങ്ങൾ വ്യക്തമാക്കിയിരുന്നു.