കോഴിക്കോട്: സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് മുഖേന ഹജ്ജ് തീര്‍ത്ഥാടനം നടത്തുന്നവര്‍ക്ക് മാത്രം സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം തീര്‍ത്ഥാടകരെ ഉള്‍പ്പെടുത്തി പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഇന്ത്യന്‍ ഹജ്ജ്-ഉംറ ഗ്രൂപ്പ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.

നിലവില്‍ സര്‍ക്കാര്‍ മുഖേന ഹജ്ജിനു പോകുന്ന തീര്‍ത്ഥാടകരില്‍ നിന്നും യാതൊരു ടാക്‌സും ഈടാക്കാത്ത സാഹചര്യത്തില്‍ അതേ ലക്ഷ്യത്തിലേക്ക് തീര്‍ത്ഥാടനത്തിന് പോകുന്നവരില്‍ നിന്നും സേവന നികുതി വാങ്ങുമ്പോള്‍ പൗരന്മാരുടെ അവകാശങ്ങളെ ധ്വംസിക്കുകയാണ് ചെയ്യുന്നത്. വിഷയത്തില്‍ സുപ്രീം കോടതിയുടെ തീര്‍പ്പിന് വേണ്ടി കാത്തിരിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ 5 വര്‍ഷത്തെ സ്വകാര്യ ഗ്രൂപ്പ് വഴി ഹജ്ജിനു പോയ തീര്‍ത്ഥാടകരില്‍ നിന്നും ഇത്തരത്തില്‍ സേവന നികുതി ആവശ്യപ്പെട്ടു നോട്ടീസയക്കുന്നത് തികഞ്ഞ ഭരണഘടനാ ലംഘനമാണ്.

സ്വകാര്യ ഹജ്ജ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുഖേനയുള്ള ഹജ്ജ് സേവനങ്ങള്‍ക്ക് സേവനനികുതി ഏര്‍പ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കേണ്ടതാണെന്നും സ്വകാര്യ ഹജ്ജ് ടൂര്‍ മേഖല ചെലവ് കൂടാന്‍ ഇടവന്നാല്‍ അത് തീര്‍ത്ഥാടകര്‍ക്ക് പ്രയാസകരമായി ഭവിക്കുമെന്നും കേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പുമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പ്രസ്താവിക്കുകയും സ്വകാര്യ ഹജ്ജ് ടൂര്‍ ഓപ്പറേ റ്റര്‍മാരുടെ പ്രതിനിധി സംഘത്തോട് സര്‍വ്വീസ് ടാക്‌സ് നീക്കം ചെയ്യാന്‍ ശ്രമിക്കുമെന്ന് ഉറപ്പു നല്‍കിയതുമാണ്. മന്ത്രിയുടെ ഉറപ്പിന് ഏകദേശം ഒരു വര്‍ഷത്തോളം പഴക്കമായിട്ടും ഇതുവരെ ആ പ്രശ്‌നത്തിന് ഒരു പരിഹാരം ഉണ്ടായിട്ടില്ല.

കഴിഞ്ഞ 5 വര്‍ഷത്തില്‍ യാത്ര ചെയ്ത ഇന്ത്യയിലെ രണ്ടേകാല്‍ ലക്ഷത്തിലേറെ തീര്‍ത്ഥാടകരെ ബാധിക്കുന്ന വളരെ വലിയ പ്രശ്‌നമായതിനാല്‍ ഇതിനെതിരെ ബഹുജന പ്രക്ഷോഭം അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകാന്‍ സി. മുഹമ്മദ് ബഷീര്‍ (ചെയര്‍മാന്‍), എം.എ അസീസ് (കണ്‍വീനര്‍), അഹമ്മദ് ദേവര്‍കോവില്‍, ടി. മുഹമ്മദ് ഹാരിസ്, എ.എം പരീദ് ഹാജി (അംഗങ്ങള്‍) എന്നിവര്‍ ചേര്‍ന്ന സമര സമിതിക്ക് രൂപം നല്‍കി. പ്രസിഡന്റ് പി.കെ. മുഹമ്മദ്കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇന്ത്യന്‍ ഹജ്ജ്-ഉംറ ഗ്രൂപ്പ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ജനറല്‍ സെക്രട്ടറി അഡ്വ. പീര്‍മുഹമ്മദ് സ്വാഗതവും പി.കെ.എം ഹുസൈന്‍ ഹാജി നന്ദിയും പറഞ്ഞു. വി. ചേക്കുട്ടി ഹാജി, മൊയ്തു സഖാഫി, മൊയ്തീന്‍ ഫൈസി പുത്തനഴി, പി.കെ മുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.