ബെയ്‌റൂത്ത്: ലബനാന്‍ പ്രധാനമന്ത്രി സഅദ് ഹരീരി സഊദി അറേബ്യയില്‍ രാജി പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് പലതരം അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു. ഹിസ്ബുല്ലയെ തള്ളിപ്പറയാന്‍ വിസമ്മതിച്ച ഹരീരിയെ സഊദി നിര്‍ബന്ധിച്ച് രാജിവെപ്പിക്കുകയായിരുന്നുവെന്ന് അല്‍ജസീറ പറയുന്നു. റിയാദില്‍ വിമാനമിറങ്ങിയ അദ്ദേഹത്തിന് ഒരു പ്രധാനമന്ത്രിക്ക് കിട്ടേണ്ട സ്വീകരണമൊന്നും ലഭിച്ചിരുന്നില്ല. സല്‍മാന്‍ രാജാവിനെ കാണാനെത്തുന്ന രാഷ്ട്രത്തവന്മാരെ സ്വീകരിക്കാന്‍ രാജകുടുംബാംഗങ്ങളോ മന്ത്രിമാരോ എത്താറുണ്ട്. പകരം ഹരീരിയില്‍നിന്ന് ഫോണ്‍ കണ്ടുകെട്ടുകയും തൊട്ടടുത്ത ദിവസം പ്രധാനമന്ത്രിപദം രാജിവെക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. സഊദിയിലേക്ക് പോയ ഹരീരിയുടെ അപ്രതീക്ഷിത രാജിപ്രഖ്യാപനം ലബനാനില്‍ അദ്ദേഹത്തിന്റെ സംഘത്തെ ഞെട്ടിച്ചിരുന്നു. ഹിസ്ബുല്ലയെ തള്ളിപ്പറയാന്‍ വിസമ്മതിക്കുന്ന ഹരീരി പ്രധാനമന്ത്രിപദത്തില്‍നിന്ന് പുറത്തുപോകണമെന്നായിരുന്നു സഊദിയുടെ തീരുമാനം. ഹരീരിയുടെ സഹോദരന്‍ ബഹാഅ പകരം ചുമതലയേല്‍ക്കണമെന്നാണ് സഊദി ആഗ്രഹിക്കുന്നത്. റിയാദില്‍ വിമാനമിറങ്ങിയപ്പോള്‍ തന്നെ കാര്യങ്ങള്‍ പന്തിയല്ലെന്ന് ഹരീരിക്ക് തോന്നിയിരുന്നതായി അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നു. ഹരീരിയെ ബലമായി രാജിവെപ്പിക്കുകയായിരുന്നുവെന്ന റിപ്പോര്‍ട്ട് സഊദി തള്ളിയിട്ടുണ്ട്. എന്നാല്‍ വിമാനത്താവളത്തില്‍ ഔദ്യോഗിക സ്വീകരണം നല്‍കിയില്ലെന്നും ഫോണ്‍ കണ്ടുകെട്ടിയെന്നുമുള്ള വാര്‍ത്തയോട് സഊദി പ്രതികരിച്ചിട്ടില്ല. പശ്ചിമേഷ്യയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഇറാനോടുള്ള എതിര്‍പ്പു കാരണമാണ് പുറത്തുപോകുന്നതെന്ന് രാജി പ്രഖ്യാപിച്ചുകൊണ്ട് ഹരീരി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയായി തുടര്‍ന്നാല്‍ താന്‍ കൊല്ലപ്പെടുമെന്നും അദ്ദേഹം ആശങ്ക അറിയിച്ചിട്ടുണ്ട്.