ചണ്ഡീഗഢ്: കേന്ദ്ര കാര്‍ഷിക നിയമങ്ങളെ അനുകൂലിക്കുന്ന എംഎല്‍എമാരെ ഗ്രാമത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന കര്‍ഷകരുടെ നിലപാടില്‍ പ്രതിസന്ധിയിലായിരിക്കുകയാണ് ഹരിയാനയിലെ ബിജെപി- ജെജെപി സഖ്യം. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യ തലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കര്‍ഷകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ ചര്‍ച്ച നടത്തി പരിഹാരം കാണണമെന്ന് ഹരിയാന ജെജെപി എംഎല്‍എ രാം കുമാര്‍ ഗൗതം പറഞ്ഞു. പ്രശ്നത്തിന് ഉടനടി പരിഹാരം കാണാന്‍ സാധിച്ചില്ലെങ്കില്‍ അത് അപകടകരമായിരിക്കുമെന്നും രാം കുമാര്‍ ഗൗതം കൂട്ടിച്ചേര്‍ത്തു.

കര്‍ഷകര്‍ക്കൊപ്പം നിന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതികരിച്ചിട്ടും തന്നെപോലുള്ളവര്‍ക്കെതിരെ ജനങ്ങള്‍ രോഷാകുലരാവുകയാണ്. കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ബിജെപി- ജെജെപി സഖ്യ കക്ഷികള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് കര്‍ഷകര്‍ നടത്തുന്നത്.

സംസ്ഥാനത്തെ ഒട്ടുമിക്ക ബിജെപി- ജെജെപി എംഎല്‍എമാരും ഇതേ പ്രതിസന്ധിതന്നെയാണ് നേരിട്ടു കൊണ്ടിരിക്കുന്നതെന്നും കുമാര്‍ ഗൗതം വ്യക്തമാക്കി. ഹരിയാനയിലെ 90 അംഗ നിയമസഭയില്‍ 40 മണ്ഡലങ്ങളും കാര്‍ഷിക മേഖലയിലാണ്.